വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു, യാത്ര തടയേണ്ടെന്ന് നിര്‍ദേശിച്ചു -കോടിയേരി
text_fieldsകോഴിക്കോട്: വിമാനത്തിലെ പ്രതിഷേധക്കാരെക്കുറിച്ച് മുഖ്യമന്ത്രി മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇവരുടെ യാത്ര തടയേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രിയോട് വിമാനത്തിൽനിന്ന് നേരത്തെ ഇറങ്ങിക്കൊള്ളാൻ ഒപ്പമുണ്ടായിരുന്ന ഇ.പി. ജയരാജൻ പറഞ്ഞതായും തിങ്കളാഴ്ച കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
'വിമാനം നിർത്തിയപ്പോ തന്നെ മുഖ്യമന്ത്രി ആദ്യം വിമാനത്തില്‍നിന്ന് പുറത്തേക്ക് ഇറങ്ങി. വളരെ ധൃതി പിടിച്ച് മുഖ്യമന്ത്രിയുടെ അടുത്ത് കടക്കാൻ ശ്രമിച്ചപ്പോ ജയരാജൻ അവരെ തടഞ്ഞു. അപ്പോൾ ജയരാജനെ കൈയേറ്റം ചെയ്യാനുള്ള ശ്രമം ഉണ്ടായി. അപ്പോഴേക്ക് മുഖ്യമന്ത്രി ഇറങ്ങി കാറിൽ കയറി. മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ചേരാൻ കഴിയില്ല എന്നായതോടെ ഇവർ മുദ്രാവാക്യം വിളി തുടങ്ങി. ജയരാജൻ മുഖ്യമന്ത്രിയോട് പറഞ്ഞു നിങ്ങള് നേരത്തെ ഇറങ്ങിക്കോളീ എന്ന്...' കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി. ജയരാജൻ പ്രതിഷേധക്കാരെ തള്ളിയിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അതേസമയം, വിമാനത്തിൽ യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരെ ഇ.പി. ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ശക്തിയായി പിടിച്ചുതള്ളിയതിനെ തുടർന്ന് ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർ വിമാനത്തിന്റെ സീറ്റിലേക്കും തുടർന്ന് പ്ലാറ്റ്ഫോമിലേക്കും തലയടിച്ച് വീണു. ഇവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റിട്ടുണ്ട്. ഗുരുതര കുറ്റകൃത്യം ചെയ്ത ജയരാജനെതിരെ പരാതി നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്കെതിരെ കളവായ വിവരങ്ങൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ജയരാജനെതിരെ കേസെടുക്കണമെന്നും യാത്രാ നിരോധനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്കും വ്യോമയാന അതോറിറ്റിക്കും യൂത്ത് കോൺഗ്രസ്സ് പരാതി കൊടുത്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.