ബഫർസോണിൽ ജയറാം രമേശ് നിർബന്ധബുദ്ധി കാണിച്ചുവെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ യു.ഡി.എഫിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. കേന്ദ്രത്തിലെ യു.പി.എ ഭരണകാലത്താണ് ബഫർസോൺ പ്രഖ്യാപനം ഉണ്ടായതെന്ന് ഓർമപ്പെടുത്തിയും സംസ്ഥാനത്ത് യു.ഡി.എഫ് ഭരണകാലത്ത് വി.ഡി. സതീശൻ അധ്യക്ഷനായ മൂന്നംഗ ഉപസമിതി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയും ആയിരുന്നു വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
രണ്ടാം യു.പി.എ സര്‍ക്കാറിന്‍റെ കാലത്ത് 2011 ഫെബ്രുവരി ഒമ്പതിനാണ് വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവക്ക് ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപനമുണ്ടായത്. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് കടുത്ത നിര്‍ബന്ധബുദ്ധിയാണ് കാണിച്ചത്. 2011ല്‍ കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം ബഫര്‍ സോൺ പരിശോധിക്കുന്നതിന് വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, എന്‍. ഷംസുദ്ദീന്‍ എന്നീ എം.എൽ.എമാരെ ഉൾപ്പെടുത്തി ഉപസമിതി രൂപവത്കരിച്ചു. ഉപസമിതിയുമായി ജനങ്ങൾ ആശങ്കകള്‍ പങ്കുവെച്ചെങ്കിലും അവരത് ഗൗനിച്ചോ എന്നതില്‍ സംശയമുണ്ട്. ആശങ്കപ്പെട്ടവരെ ആക്ഷേപിക്കുന്ന തരത്തിലായിരുന്നു അവരുടെ നിലപാട്. അന്ന് വി.ഡി. സതീശൻ പറഞ്ഞ കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. സിറ്റിങ്ങുകള്‍ക്കും മറ്റും ശേഷം കേന്ദ്രം പറഞ്ഞ 10 കിലോമീറ്ററിനും അപ്പുറം 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ വേണമെന്ന് ഉപസമിതി നിർദേശിക്കുകയും യു.ഡി.എഫ് മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തു. ബഫര്‍സോണ്‍ മേഖലയില്‍നിന്നും മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ അന്ന് തീരുമാനമെടുത്തെങ്കിലും അതിനാവശ്യമായ രേഖകള്‍ കേന്ദ്രത്തിന് യഥാസമയം സമര്‍പ്പിച്ചില്ല. 2016ല്‍ അധികാരത്തിലെത്തിയ എൽ.ഡി.എഫ് സര്‍ക്കാറാണ് ആളുകളുടെ ജീവിതം, ഉപജീവനം എന്നിവയെ ബാധിക്കാത്തവിധം ബഫര്‍സോണ്‍ ഏര്‍പ്പെടുത്താമെന്ന നിലപാടെടുത്തത്. വസ്തുതകളും വിവരങ്ങളും മറച്ചുവെച്ച് ജനങ്ങളെ പുകമറയില്‍ നിര്‍ത്താനും സര്‍ക്കാറിനെതിരെ വൈകാരിക പ്രതികരണങ്ങള്‍ സൃഷ്ടിക്കാനുമാണ് പ്രതിപക്ഷത്തെ ചിലര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തെ വിമർശിച്ചെങ്കിലും സമരം പ്രഖ്യാപിച്ച സഭയെയോ കർഷക സംഘടനകളെയോ കുറ്റപ്പെടുത്താൻ മുഖ്യമന്ത്രി തയാറായില്ല. ‘വിഷമസ്ഥിതിയിൽ സർക്കാറിനെതിരെ അവർ എന്തെങ്കിലും പറയുമ്പോൾ പ്രകോപിതരാകേണ്ടതില്ലെ’ന്നായിരുന്നു അവരോടുള്ള പ്രതികരണം. ബഫർസോൺ പ്രശ്നം നാടിന്‍റെ ആകെയുള്ള പ്രശ്നമെന്ന നിലയിൽ ആരുമായും ചർച്ച നടത്തുന്നതിന് വിഷമമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.