കെ-ഫോൺ അഴിമതിയാരോപണം തള്ളി മുഖ്യമന്ത്രി ; ‘500 കോടി നഷ്ടമെന്നത് അടിസ്ഥാന രഹിതം’
text_fieldsതിരുവനന്തപുരം: കെ-ഫോൺ പദ്ധതിയിൽ സംസ്ഥാന സര്‍ക്കാറിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ടം 285 പ്രകാരം നിയമസഭയിൽ റോജി എം. ജോൺ നടത്തിയ അഴിമതി ആരോപണത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഏഴുവര്‍ഷത്തെ പരിപാലന ചെലവിന്റെ സ്ഥാനത്ത് ഒരു വര്‍ഷത്തെ പരിപാലന ചെലവിന്റെ തുക ഉള്‍പ്പെടുത്തിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള ചെലവും ഒരു വര്‍ഷത്തെ പരിപാലന ചെലവായ 104 കോടി രൂപയും ഉള്‍പ്പെടെ 1028.20 കോടി രൂപക്കാണ് ഭരണാനുമതി നല്‍കിയത്. എന്നാല്‍, ഏഴു വര്‍ഷത്തെ നടത്തിപ്പും പരിപാലന ചെലവും ഉള്‍പ്പെടുത്തിയാണ് ടെൻഡര്‍ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം ഏഴു വര്‍ഷത്തെ പരിപാലന ചെലവ് 728 കോടി രൂപ വരും. എന്നാല്‍, കൺസോർട്യത്തിലുള്ള, ബെൽ ഇതിനായി 363 കോടി രൂപയാണ് േക്വാട്ട് ചെയ്തത്. ഇതും ജി.എസ്.ടിയും കൂടി ഉള്‍പ്പെട്ട തുകയായ 1628.35 കോടി രൂപക്കാണ് പദ്ധതി നടപ്പാക്കുന്നതിന് കണ്‍സോർട്യത്തിന് അനുമതി നല്‍കിയത്.
പരിപാലന ചെലവിനുള്ള തുക കെ-ഫോണിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനത്തില്‍നിന്നാണ് കണ്ടെത്തേണ്ടത്. കിഫ്ബി വായ്പയും നടത്തിപ്പു വരുമാനത്തില്‍നിന്ന് തിരിച്ചടക്കും. സംസ്ഥാന സര്‍ക്കാറിന് പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. നടപടി ക്രമങ്ങളെല്ലാം പൂര്‍ണമായും പാലിച്ചാണ് ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 55 ശതമാനം ഘടകങ്ങള്‍ ഇന്ത്യന്‍ നിർമിതമായിരിക്കണം എന്ന വ്യവസ്ഥ പാലിച്ചാണ് ഒപ്ടിക്കല്‍ ഗ്രൗണ്ട് വയര്‍ കേബിളുകള്‍ കരാറുകാര്‍ നല്‍കിയതെന്ന് ടെക്നിക്കല്‍ കമ്മിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.
രണ്ടു വര്‍ഷത്തിനകം നിർമാണം സാധ്യമായ ഇടങ്ങളില്‍ 97 ശതമാനം പൂര്‍ത്തീകരിച്ചു. കോവിഡ് വ്യാപനം നിർമാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: മാസപ്പടി വിവാദത്തിലടക്കം ഉന്നയിച്ച മൂന്ന് അഴിമതി ആരോപണങ്ങളിലും അന്വേഷണം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. മാസപ്പടി ആരോപണം, എ.ഐ കാമറ പദ്ധതി, കെ-ഫോൺ പദ്ധതി എന്നിവയിലാണ് മാത്യു കുഴൽനാടൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ എന്നിവർ അഴിമതി ആരോപിച്ചത്. അടിയന്തര പ്രമേയ ചർച്ചക്കുശേഷമാണ് മന്ത്രിമാരും മുഖ്യമന്ത്രിയും മറുപടി നൽകിയത്. പണം നൽകിയെങ്കിലും സി.എം.ആർ.എൽ കമ്പനിക്ക് സേവനങ്ങളൊന്നും ലഭിച്ചില്ലെന്ന് അവർതന്നെ വ്യക്തമാക്കിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സി.എം.ആർ.എൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറും എക്സാലോജിക്കിന്റെ സോഫ്റ്റ്വെയർ സേവനവും പൊരുത്തമില്ലാത്തതാണ്. ഒന്നുകിൽ ഇതു കള്ളപ്പണം വെളിപ്പിക്കാനുള്ള ഇടപാടാണ്. അല്ലെങ്കിൽ മാസപ്പടി. രണ്ടായാലും നിയമനടപടിയുണ്ടാകും. ഇതിനായി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.