സ്വർണ കള്ളക്കടത്തുകേസ് മുഖ്യമന്ത്രി അട്ടിമറിക്കുന്നു- രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മികതയെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശിവശങ്കരൻ നടത്തിയ അഴിമതികളും ക്രമക്കേടുകളും കേന്ദ്ര ഏജൻസികൾ പുറത്ത് കൊണ്ട് വരുന്നതിന് മുഖ്യമന്ത്രിക്ക് പരിഭ്രാന്തി എന്തിനാണ്. എല്ലാം സുതാര്യമാണെങ്കിൽ പരിഭ്രാന്തിയുടെ ആവശ്യമില്ല. പാർട്ടി സെക്രട്ടറിയുടെ മകന്‍റെ മയക്കുമരുന്ന് കേസ് പുറത്ത് വരുന്നതിൽ മുഖ്യമന്ത്രി അസ്വസ്ഥനാവുകയാണ്. മോദിയെയും അമിത് ഷായെയും മുഖ്യമന്ത്രി എന്തിന് പേടിക്കണമെന്നും ചെന്നിത്തല ചോദിച്ചു.
അന്വേഷണ ഏജന്‍സികളെ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. എന്നിട്ടിപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുന്നു. ഒന്നും മറക്കാനില്ലെങ്കിൽ അന്വേഷണത്തിന് വിട്ടുകൊടുക്കണം. അന്വേഷണ ഏജൻസികൾ ചോദിക്കുന്ന വസ്തുതകൾ നൽകാത്തതും കുറ്റകൃത്യമാണ്. ബി.ജെ.പിയുടെ ആനുകൂല്യങ്ങൾ ഏറ്റവുമധികം ലഭിച്ചത് പിണറായി വിജയനാണ്. ലാവലിൻ കേസിൽ മുഖ്യമന്ത്രി കേന്ദ്ര സർക്കാറുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയും സർക്കാരും കാണിക്കുന്ന തോന്ന്യവാസങ്ങൾ ആരുംചോദ്യം ചെയ്യാൻ പാടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണ് ഇന്നലെ വിജിലൻസ് കേസിൽ ശിവശങ്കരനെ പ്രതിയാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.