വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കണം; അമിതവിലക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിർദേശിച്ചു.
എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കണം. പ്രധാന മാര്‍ക്കറ്റുകളില്‍ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പരിശോധന നടത്തണം. വിലക്കയറ്റ സാഹചര്യത്തിൽ വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകൾ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കും. പൂഴ്ത്തിവെപ്പ് ഒഴിവാക്കാൻ പൊലീസ് ഇടപെടണം. നിത്യോപയോഗ സാധന വില പിടിച്ചുനിര്‍ത്താൻ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍ സപ്ലൈസും വിപണിയില്‍ ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണം മാര്‍ക്കറ്റുകള്‍ നേരത്തേ ആരംഭിക്കണം. ഗുണനിലവാര പരിശോധന നടത്തണം.
ഒരേ ഇനത്തിനുള്ള വിലയിലെ അന്തരം വ്യാപാര സമൂഹവുമായി കലക്ടര്‍മാര്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം.
വിലനിലവാരം ആഴ്ചയില്‍ ഒരു തവണയെങ്കിലും കലക്ടര്‍മാര്‍ അവലോകനം നടത്തണം -മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിമാരായ ജി.ആര്. അനില്‍, വി.എന്‍. വാസവന്, കെ. രാജന്, പി. പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, വിവിധ വകുപ്പ് മേധാവികള്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.