ഗുണ്ടാ-സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് കർശന നടപടിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഗുണ്ടാ-സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് കർശന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അമർച്ച ചെയ്യുന്നതിനും പൊതുസമാധാനം ഉറപ്പുവരുത്തുന്നതിനുമുളള കർശന നടപടികളുടെ ഭാഗമായി 'ഓപ്പറേഷൻ ആഗ് സ്പെഷ്യൽ ഡ്രൈവ് നടത്തി. മയക്കുമരുന്ന് വിപണനം തടയുന്നതിനായി 'ഓപ്പറേഷൻ ഡി ഹണ്ട്' സ്പെഷ്യൽ ഡ്രൈവും നടത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും ഗുണ്ടാ- സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പാ നിയമം ചുമത്തുന്നതുൾപ്പെടെ ആവശ്യമായ കരുതൽ നടപടികളും മറ്റ് നിയമ നടപടികളും സ്വീകരിക്കുന്നതിനായി 'ഓപ്പറേഷൻ കാവൽ' എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു. ഇത്തരം സംഘടിത പ്രവർത്തനങ്ങൾ ഉൻമൂലനം ചെയ്യുന്നതിനായി ജില്ലാ പൊലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (എസ്.എ.ജി.ഒ.സി) രൂപീകരിച്ചു.
ഇതിന് പുറമെ ഓരോ പൊലീസ് സ്റ്റേഷനുകളിലും ആന്റി ഓർഗനൈസിഡ് ക്രൈം സെൽ (എ.ഒ.സി.സി) ആരംഭിക്കുവാനും നിർദേശം നൽകി. ഇതു പ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ രണ്ട പൊലീസ് ഉദ്യോഗസ്ഥർ ആന്റി ഓർഗനൈസിഡ് ക്രൈം സെൽ, ഗുണ്ടകളെയും അവരുടെ പ്രവർത്തനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സദാ ജാഗ്രത പുലർത്തു ന്നതിനും കൃത്യമായ പട്രോളിങ് നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും എസ്.എച്ച്.ഒ. മാർക്ക് പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ എ.എ.ജി -ന്റെ തുടർച്ചയായി അങ്കമാലി പൊലീസ് പരിശോധന നടത്തവെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ വീട്ടിൽ നടന്ന സൽക്കാരത്തിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി. സാബു, സി.പി.ഒ. ദീപക് സി.കെ, ഡ്രൈവർ എസ്.സി.പി.ഒ. ജോളിമോൻ. എസ്., ഡ്രൈവർ സി.പി.ഒ. അനീഷ് ടി.കെ. എന്നീ ഉദ്യോഗസ്ഥർ പങ്കെടുത്തതായി കണ്ടെത്തി. ഗുരുതരമായ അച്ചടക്ക ലംഘനവും പൊലീസിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന പ്രവർത്തിയിലും ഏർപ്പെട്ട മേൽ ഉദ്യോഗസ്ഥരെ അച്ചടക്കനടപടിക്ക് വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഗുണ്ടകളുമായി ബന്ധം പുലർത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഗുണ്ടകളുമായി പൊലീസുകാർ അവിശുദ്ധകൂട്ടുകെട്ടിൽ ഏർപ്പെടുന്ന ഒറ്റപ്പെട്ട ചില സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം സംഭവങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന ഉൾപ്പെടുന്ന അച്ചടക്ക നടപടിയും നിയമ നടപടികളും സ്വീകരിച്ചു. ക്രിമിനൽ ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നൽകിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണി ജോസഫ്, ടി. സിദ്ദിഖ്, സി.ആർ മഹേഷ് എന്നിവർക്ക് മുഖ്യമന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.