ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ ജില്ലകളിലും സേവിങ്സ്, കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് ജില്ലയായി 2021ൽ തൃശൂർ മാറിയിരുന്നു. തുടർന്ന് കോട്ടയവും നടപ്പാക്കി.
വലിയ രീതിയിലുള്ള സാമൂഹിക ഇടപെടൽ ഉണ്ടായാലേ ബാങ്കിങ് ഡിജിറ്റൽവത്കരണത്തിന്‍റെ ലക്ഷ്യം പൂർണമാവൂ. ഇതു സാധ്യമാകണമെങ്കിൽ ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് ഇന്റർനെറ്റ് ലഭ്യമാകണമെങ്കിൽ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കണം.
ഈ ലക്ഷ്യം മുൻനിർത്തിയാണ് കെ-ഫോൺ പദ്ധതി ആവിഷ്‌കരിച്ചത്. കെ-ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. കനറാ ബാങ്ക് സംസ്ഥാന മേധാവിയും എസ്.എൽ.ബി.സി കൺവീനറുമായ എസ്. പ്രേംകുമാർ, റിസർവ് ബാങ്ക് ജനറൽ മാനേജർ സെട്രിക് ലോറൻസ് എന്നിവരെ ആദരിച്ചു.
പദ്ധതി നടപ്പാക്കാൻ നേതൃത്വം നൽകിയ ലീഡ് ബാങ്ക് മാനേജർമാരും ആദരം ഏറ്റുവാങ്ങി. ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, റിസർവ് ബാങ്ക് റീജനൽ ഡയറക്ടർ തോമസ് മാത്യു, നബാർഡ് ചീഫ് ജനറൽ മാനേജർ ഗോപകുമാരൻ നായർ ജി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ വെങ്കിട്ടരമണ ഭായ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.