Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ ആദിവാസി...

എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രി
cancel
camera_alt

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. 

കൊച്ചി: ഡിജിറ്റല്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടൗണ്‍ഹാളില്‍ പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കണക്ടിവിറ്റി ഇല്ലാതിരുന്ന 1284 ഊരുകളില്‍ 1083 ലും ഇന്റര്‍നെറ്റ് സൗകര്യം എത്തിച്ചു. ഇടമലക്കുടിയില്‍ മാത്രം കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന് നാല് കോടി 31 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വിദ്യാഭ്യാസം, തൊഴില്‍, ശാക്തീകരണം എന്നീ മൂന്ന് അടിസ്ഥാനശിലകളില്‍ ഊന്നി നിന്നുകൊണ്ട് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളുടെ സമഗ്രമായ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.

സംസ്ഥാനത്തെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനും ആ രേഖകള്‍ സുരക്ഷിതമായി ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് എ.ബി.സി. ഡി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. വയനാട്, പാലക്കാട് ജില്ലകളില്‍ പൂര്‍ത്തീകരിച്ച പദ്ധതി മറ്റെല്ലാ ജില്ലകളിലും പൂര്‍ത്തീകരണത്തോടടുക്കുകയാണ്.

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതികളെല്ലാം ഉന്നതി എന്ന ഒറ്റ കുടക്കീഴിലാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. നൈപുണ്യ വികസനം ഉറപ്പുവരുത്തിയും തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ ഒരേസമയം തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരള എംപവര്‍മെന്റ് സൊസൈറ്റി രാജ്യത്തിനാകെ മാതൃകയാണ്.

അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ പരിശീലനം, നൈപുണ്യ വികസനം, പ്രവൃത്തി പരിചയം എന്നിവ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്‌സലന്‍സ് പദ്ധതിയും നടപ്പാക്കുന്നു. ഈ രണ്ടു പദ്ധതികളും കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഉപകരിച്ചു. പി.എസ്.സി വഴി പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ 500 പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരുമിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമനം നല്‍കിയിരുന്നു. ഇതേ മാതൃകയില്‍ എക്‌സൈസ് ഗാര്‍ഡുമാരായി 100 പട്ടിക വര്‍ഗ വിഭാഗക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ മികച്ചതാണ് പട്ടിക, പിന്നാക്ക ജനവിഭാഗങ്ങളുടെ ജീവിതനിലവാരം. ഇത് കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമം. പല സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി ദുരിതം അനുഭവിക്കേണ്ടി വരികയാണ്. ആ ഘട്ടത്തിലാണ് കേരളം അവര്‍ക്ക് സുരക്ഷിതമായ ഇടം ഉറപ്പുവരുത്തി ഒപ്പം നിര്‍ത്തുന്നത്. വിവിധ ജാതി, മത സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ഐക്യത്തിന്റെ കെടാവിളക്കുകള്‍ കേരളത്തില്‍ തെളിയിച്ച നവോത്ഥാന നായകരാണ് അയ്യാ വൈകുണ്ഠ സ്വാമിയും അയ്യങ്കാളിയും ശ്രീനാരായണഗുരുവും. എന്നാല്‍ കേരളം ആര്‍ജിച്ച നേട്ടങ്ങളെല്ലാം അട്ടിമറിക്കാന്‍ ജാതി മത ഭേദത്തിന്റെ പിന്തിരിപ്പന്‍ ചിന്തകളെ വളര്‍ത്തുന്ന പ്രവണതകള്‍ പലയിടങ്ങളിലും തലപൊക്കുന്നുണ്ട്. അവ മുളയിലേ നുള്ളിക്കളയാന്‍ കഴിയണം. അതിനായി കേരളം സമൂഹമാകെ ഒറ്റക്കെട്ടായി നിലകൊള്ളണം. നവോത്ഥാന കേരളത്തിന്റെ ആശയങ്ങളെ കാലാനുസൃതമായി നവീകരിച്ച് അവതരിപ്പിക്കുന്ന നവകേരളത്തിന്റെ ഒരു വലിയ മുന്നേറ്റമായി ഐക്യദാര്‍ഢ്യ പക്ഷാചരണം മാറണം. അതുവഴി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അയിത്തത്തെയുമെല്ലാം മനസില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒഴിവാക്കണം.

എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്നതാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഉയരാം ഒത്തുചേര്‍ന്ന് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒക്ടോബര്‍ 2 മുതല്‍ 16 വരെ സംസ്ഥാനത്താകെ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനു പകരമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതി കെടാവിളക്കിന്റെ പോര്‍ട്ടല്‍ ഓപ്പണിങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നിയമ ബിരുദധാരികളായ പട്ടികവിഭാഗക്കാരെ എ.ജി. ഓഫീസിലും ഗവ. പ്ലീഡര്‍മാരുടെ ഓഫീസുകളിലും പ്രവൃത്തി പരിചയത്തിന് ഓണറേറിയത്തോടു കൂടു നിയമിക്കുന്ന ജസ്റ്റിസ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ അസിസ്റ്റന്‍സ് (JWALA) പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മാലിന്യ മുക്ത നവകേരള പ്രതിജ്ഞയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ്, ഹൈബി ഈഡന്‍ എം.പി., എംഎല്‍എമാരായ പി.വി. ശ്രീനിജിന്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, ടി.ജെ. വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal villagesPinarayi Vijayan
News Summary - Chief Minister said that internet connectivity will be brought to all tribal villages
Next Story