എല്ലാവർക്കും സൈബർ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം : എല്ലാവർക്കും മികച്ച സൈബർ സുരക്ഷ ഉറപ്പാക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊക്കൂണിന്റെ പതിനഞ്ചാമത് എഡിഷൻ കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ ലക്ഷ്യത്തോടെയാണ് ആഗോള സൈബർ സുരക്ഷ കോൺഫറൻസായി കൊക്കൂൺ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സൈബർ ലോകം നമ്മെയെല്ലാം ഉൾക്കൊള്ളുന്നത് കൊണ്ട് സൈബർ സുരക്ഷ സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. അത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. കൂടാതെ പൗരന്മാരെയും സംരംഭങ്ങളെയും സുരക്ഷിതമായി നിലനിർത്തേണ്ട ഉത്തരവാദിത്തവും ഉണ്ട്. അത് കൊണ്ട് തന്നെ ഈ കോൺഫറൻസിൽ, മെച്ചപ്പെട്ട സൈബർ സുരക്ഷയ്ക്കായി അനുയോജ്യമായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത്.
ലോകമെമ്പാടും കമ്പ്യൂട്ടറുകളും, സ്മാർട്ട് ഫോണുകളും ഇന്റർനെറ്റും വ്യാപകമായതോടെ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുകയാണ്. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവരികയാണ്. ഈ വിപത്തിനെ നേരിടേണ്ടത് അടിയന്തിര ആവശ്യമാണ്. സ്ത്രീകളും കുട്ടികളും അശ്ലീലസാഹിത്യം, അനാവശ്യമായ പിന്തുടരൽ, വഞ്ചന, ഹാക്കിംഗ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളായിത്തീരുന്നു. ഇവയിൽ ഭൂരിഭാഗവും സംഭവിക്കുന്നത് അവബോധമില്ലായ്മയും, സൈബർ ഉപയോഗത്തെക്കുറിച്ചും അറിയാത്തതുമാണ്.
സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ കൂടുതൽ ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ, സൈബർ ആക്രമണങ്ങളും സൈബർ കുറ്റകൃത്യങ്ങളും നേരിടാൻ സർക്കാരുകളും വേണ്ടത്ര തയ്യാറാകേണ്ടതുണ്ട്. അതിനാൽ, സൈബർ സുരക്ഷ സാധാരണക്കാർക്കോ വ്യവസായത്തിനോ മാത്രമല്ല, നിയമ നിർവ്വഹണ ഏജൻസികൾക്കും സർക്കാരുകൾക്കും വലിയ ആശങ്കയാണ്. ഈ സാഹചര്യത്തിലാണ് ഈ സമ്മേളനത്തിന് കൂടുതൽ പ്രാധാന്യം ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്റർപോളും, എൻസിആർബിയും പുറത്തുവിട്ട സൈബർ ക്രൈം കണക്കുകൾ, നമ്മുടെ കുട്ടികളും യുവാക്കളും സൈബർ ലോകത്ത് നിരന്തരമായ ഭീഷണിയിലാണെന്നും ഡിജിറ്റൽ ഉപകരണങ്ങളും സേവനങ്ങളും ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കിൽ, അവർ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായേക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത് കൊണ്ട് തന്നെ സ്വാഭാവികമായും കേരള പോലീസ് പോലീസിംഗിൽ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ മുൻനിരയിൽ എത്തിയിട്ടുണ്ട്. സൈബർഡോം, ഡ്രോൺ ഫോറൻസിക് ലാബ്, ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ സെൽ, സി.സി.ടി.എൻ.എസ്, പോൾ-ആപ്പ് തുടങ്ങിയ കേരള പോലീസിന്റെ അതുല്യ പദ്ധതികൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടതായും, കേരള പോലീസ് ഇതിനകം രാജ്യത്തെ ഏറ്റവും മികച്ച സേനകളിലൊന്നായി മാറിയെന്നും അതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ സെന്റർ നടത്തുന്ന പ്രവർത്തനങ്ങളിൽ ഇന്റർ നാഷണൽ സെൻട്രൽ ഫോർ മിസിംഗ് ആന്റ് എക്സ്പ്ലോയിറ്റഡ് ചിൾഡ്രൻ എന്ന സംഘടന നൽകുന്ന അവാർഡ് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസിന് ഐസിഎംഇസി പ്രതിനിധികളായ ഗുലിനെറോ ഗലാർസിയ, മരിയ പിലർ എന്നിവർ സമ്മാനിച്ചു.
വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ. എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. കേരള പോലീസ് ചീഫും ഡിജിപിയുമായ അനിൽ കാന്ത് ഐപിഎസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ . എഡിജിപി ഹെഡ് കോട്ടേഴ്സ് കെ പത്മകുമാർ ഐപിഎസ്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, , ബച്പൻ ബചാവോ ആന്തോളൻ സിഇഒ രജ്നി സെഖ്രി സിബൽ റിട്ട ഐഎഎസ്, ഐ.സി.എം.ഇ.സി വൈസ് പ്രസിഡന്റുമാരായ ഗുലിനെറോ ഗലാർസിയ, മരിയ പിലർ , ജർമ്മനയിലെ സൈബർ സെക്യുരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാൻസിലെ സെക്യൂരിറ്റി റിസർച്ചർ മെറ്റിൽഡെ വെനാൾട്ട് എന്നിവർ പങ്കെടുത്തു. സൈബർ ഡോം നോഡൽ ഓഫീസറും സൗത്ത് സോൺ ഐ.ജിയുമായ പി. പ്രകാശ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.