വയനാട് തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം :വയനാട് തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ഘട്ടത്തിന് വനം മന്ത്രാലയത്തിന്‍റെ ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയായി ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
കോവളം മുതല്‍ കാസര്‍ഗോഡ് ബേക്കല്‍ വരെ 616 കി.മീ. ദൈര്‍ഘ്യമുള്ള പശ്ചിമ തീര കനാലിന്‍റെ വികസനത്തിനുളള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. 36 ബോട്ട് ജട്ടികളുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ട് പാലങ്ങളുടെയും ഒരു ലോക്കിന്‍റെയും നിർമാണവും അഞ്ച് റീച്ചുകളിലായി നടന്നുവരുന്ന വടകര-മാഹി കനാലിന്‍റെ മൂന്ന് റീച്ചുകളിലെ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി.
വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതിയുടെ വിശദ വിവരങ്ങള്‍ ജൂണ്‍ 7, 2024 ന് പ്രകാശനം ചെയ്ത സംസ്ഥാന സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. എറണാകുളം ജില്ലയിലെ ഗതാഗത സൗകര്യവും ടൂറിസവും മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്തിട്ടുള്ള കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ 10 ടെര്‍മിനലുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്.
നാലു ടെര്‍മിനലുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. 24 ടെര്‍മിനലുകളുടെ നിര്‍മ്മാണത്തിനായുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. ഏഴ് ബോട്ടുകള്‍ നിലവില്‍ സർവീസ് തുടങ്ങി. ഹരിതകേരള മിഷന്‍റെ പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 30,953 കി.മീ നീര്‍ച്ചാലുകളും 3234 കുളങ്ങളും പുനരുജീവിപ്പിച്ചു. 4844 കുളങ്ങള്‍ നിർമിച്ചു. 16,815 തടയണകള്‍ നിർമിച്ചു. മാലിന്യ സംസ്ക്കരണത്തിന് ഹരിതകർമ സേനയുടെ സേവനം സംസ്ഥാന വ്യാപകമാക്കി.
യാത്രക്കാരുടെ സൗകര്യത്തിനായി 1013 'ടേക്ക് എ ബ്രേക്ക് ടോയിലറ്റുകള്‍' സ്ഥാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ 2950 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് പുറത്തിറക്കിയ സംസ്ഥാന കാലാവസ്ഥാ വ്യതിയാന കർമ പരിപ്രേക്ഷ്യം (എസ്.എ.പി.സി.സി 2.0) ന് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ ഇനീഷ്യേറ്റീവിന്‍റെ ഭാഗമായി സംസ്ഥാനത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിർണയിക്കല്‍ പൂര്‍ത്തിയാക്കുകയും റിപ്പോര്‍ട്ട് തയാറാക്കുകയും ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വെബ് പോര്‍ട്ടലും തയ്യാറാക്കി.
കേരളത്തിലെ പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ പുനര്‍നിർണയിച്ച കരട് നിര്‍ദ്ദേശം കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. 2019 കേരള തീരദേശ പരിപാലന പ്ലാന്‍ നോട്ടിഫിക്കേഷന്‍ 2024-ല്‍ തന്നെ നിലവില്‍ വരുന്ന രീതിയില്‍ ആയതിന്‍റെ നടപടികള്‍ പൂര്‍ത്തീകരിച്ച് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് അയച്ചിട്ടുള്ളതും ആയത് എൻ.സി.എസ്.സി.എം (ചെന്നൈ)-യുടെ പരിഗണനയിലുമാണ്. കേരളത്തിലെ 10 തീരദേശ ജില്ലകളിലെ ജനങ്ങള്‍ക്ക് ഇതിന്‍റെ സേവനം ലഭ്യമാകുന്നതാണ്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് കാലാവസ്ഥാ വ്യതിയാന കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായും, സംസ്ഥാനം കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിനും, ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനും, ഹരിത തൊഴിലുകളെ അടിസ്ഥാനമാക്കിയുള്ള ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയായി മാറുന്നതിനുമുള്ള കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് കമീഷന്‍ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.