തെറ്റായ പ്രവണതകൾ പാർട്ടി കെയറോഫിൽ വേണ്ടെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകർക്കടക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. സംസ്ഥാനത്ത് ചില തെറ്റായ പ്രവണതകൾ നടക്കുന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതൊന്നും പാർട്ടിയുടെ കെയറോഫിൽ ചെയ്യരുതെന്നും വ്യക്തമാക്കി. ഇ.എം.എസ് അക്കാദമിയിൽ നവകേരള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു നഗരത്തിൽ വലിയ വിലക്ക് ഒരു സംരംഭകൻ ഭൂമി വാങ്ങിയിരുന്നു. പദ്ധതിക്ക് അനുമതി കിട്ടാൻ നഗരസഭയെ ബന്ധപ്പെട്ടു. കൗൺസിലർ ഒരു കാര്യത്തിനായി അതിൽ മൂന്ന് സെന്റ് സ്ഥലം വേണമെന്ന് സംരംഭകനോട് ആവശ്യപ്പെട്ടു. ഉത്തമനായ സഖാവാണ് അദ്ദേഹം. അത് പിന്നീട് അവിടെ തന്നെ കിടന്നു. ഇതറിഞ്ഞ് ജില്ല സെക്രട്ടറിയോട് ആരാഞ്ഞപ്പോൾ വളരെ ശരിയാണെന്നാണ് പറഞ്ഞത്. ഇമ്മാതിരി ആളുകൾ നമ്മുടെ കൂട്ടത്തിലുണ്ട്. അത് ഒരു നിലക്കും ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടൽ പദ്ധതിക്കായി മണ്ണെടുക്കാൻ ഒരു സംരംഭകൻ ജിയോളജി വകുപ്പിൽ അപേക്ഷിച്ചു. നൽകാതെ രണ്ടു കൊല്ലം കിടന്നു. തുടർന്ന്, ഹൈകോടതിയിൽ പോയി അനുമതി നേടി. അപ്പോൾ കെട്ടിട നിർമാണ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നു. പുതുക്കാൻ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി നേടി. നേരത്തേ അനുമതി നൽകിയതു തന്നെ തെറ്റാണെന്ന നിലപാടാണ് ആ തദ്ദേശ സ്ഥാപനമെടുത്തത്. സെന്റിന് ഒരു കോടി രൂപ വീതം നൽകിയാണ് ആ ഭൂമി വാങ്ങിയത്. ഇതൊന്നും പാർട്ടിയുടെ കെയറോഫിൽ ചെയ്യരുത്. ഇത്തരം കാര്യങ്ങളിൽ കൃത്യമായി പരിശോധന നടക്കുന്നില്ല. കാര്യങ്ങൾ മനസ്സിലാക്കി ഇടപെടണം. ഇവ ഒറ്റപ്പെട്ടതല്ല. അത് ഒഴിവാക്കി മുന്നോട്ട് പോകണം.
പ്രവാസി മലയാളി നിക്ഷേപം ആകർഷിക്കാൻ നല്ല പദ്ധതികൾ വേണം. സ്വകാര്യ മൂലധന നിക്ഷേപം വരുമ്പോൾ അവരെ ശത്രുവായി കാണരുത്. സംസ്ഥാനത്തിനെതിരായവക്ക് മാത്രമേ എതിരായി നിൽക്കാവൂ. നിക്ഷേപം വന്നാൽ സർക്കാറിനും തദ്ദേശ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും ഗുണമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.