നാലര വര്‍ഷം വേട്ടക്കാരെ ചേർത്തുപിടിച്ചു; ഹേമ കമ്മിറ്റിയുടെ കത്തിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പച്ചക്കള്ളം പറഞ്ഞാണ് മുഖ്യമന്ത്രി എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു കാരണവശാലും റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ ഹേമ കമ്മിറ്റി നല്‍കിയ കത്തില്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവര്‍ നല്‍കിയ കത്ത് ഒരിക്കലും പുറത്തു വരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്നല്ല, പുറത്ത് വിടുമ്പോള്‍ സുപ്രീം കോടതിയുടെ മാര്‍ഗ നിർദേശങ്ങള്‍ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്നതാണ് സുപ്രീം കോടതി മാര്‍ഗ നിർദേശം. ഇരകളുടെ പേര് ഒരിക്കലും വെളിപ്പെടുത്താറില്ല. ഇരകളുടെയോ ബന്ധുക്കളുടെയോ പേരു വിവരങ്ങള്‍ പുറത്തു പറയുന്നതിന് പകരമായാണ് ഇരകളെ നിര്‍ഭയ എന്ന് വിളിക്കുന്നത്. ഇതൊന്നും പുതിയ കാര്യമല്ല. ഇതൊന്നും റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി എടുക്കാനുള്ള തടസവുമല്ല. പോക്‌സോ നിയമ പ്രകാരം വരെ കേസെടുക്കേണ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു.
പോക്‌സോ നിയമം സെക്ഷന്‍ 21 പ്രകാരം കുറ്റകൃത്യങ്ങള്‍ ഒളിച്ചു വച്ചയ്ക്കുന്നതും കുറ്റകരമാണ്. കുറ്റം ചെയ്തിരിക്കുന്നുവെന്ന് അറിഞ്ഞ ആള്‍ അത് മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്താല്‍ അതൊരു ക്രിമിനല്‍ കുറ്റമാണ്. നാലര വര്‍ഷം മുന്‍പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയിട്ടും പൂഴ്ത്തി വച്ച മുഖ്യമന്ത്രിയും അന്നത്തെയും ഇന്നത്തെയും സാംസ്‌കാരിക മന്ത്രിമാരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടും അതിനൊപ്പമുള്ള മൊഴികളും പെന്‍ഡ്രൈവുകളും വാട്‌സാപ് മെസേജുകളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് നാലര വര്‍ഷമായി കയ്യില്‍ ഇരുന്നിട്ടാണ് ഒരു അന്വേഷണത്തിന് പോലും സര്‍ക്കാര്‍ തയാറാകാത്തത്. എന്നിട്ടാണ് ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് പറയുന്നത്. നടിയുടെ മുറിയില്‍ കയറി ഇരുന്ന കാരവന്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. തെളിവുകളുമുണ്ട്. ഇതേക്കുറിച്ച് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം. പക്ഷെ അന്വേഷണത്തിന് തയാറാകാതെയാണ് മുഖ്യമന്ത്രി കള്ളം പറയുന്നത്. ഞങ്ങള്‍ വേട്ടക്കാര്‍ക്കെതിരരെ പോരാടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നാലര വര്‍ഷം ഏത് വേട്ടക്കാരനെതിരെയാണ് മുഖ്യമന്ത്രി പോരാടിയത്. വേട്ടക്കാരെയെല്ലാം മുഖ്യമന്ത്രി ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. സര്‍ക്കാരിന് വേണ്ടപ്പെട്ടവരുള്ളത് കൊണ്ടാണ് അവരെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.