സിവില്‍ ഡിഫന്‍സ് ഫോഴ്സ് വിപുലീകരിക്കും -മുഖ്യമന്ത്രി
text_fieldsതൃശൂര്‍: അപകട രക്ഷാപ്രതിരോധപ്രവര്ത്തനങ്ങളെ ജനകീയമാക്കാനായി അഗ്നിരക്ഷാസേനക്കു കീഴില്‍ ആരംഭിച്ച സിവില്‍ ഡിഫന്‍സ് ഫോഴ്സില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ രാമവര്‍മപുരം കേരള അഗ്നിരക്ഷാസേന അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 295 ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാര്‍, 20 ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസർമാര്‍ (ഡ്രൈവര്‍) എന്നിവര്‍ ഉള്‍പ്പെടെ 315 സേനാംഗങ്ങളുടെ സംയുക്ത പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തമേഖലകളില്‍ സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരായി തെരഞ്ഞെടുത്ത 6200 പേര് ആദ്യഘട്ട പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. ഇവരില്‍നിന്ന് തിരഞ്ഞെടുക്കുന്ന 1000 പേര്‍ക്ക് പ്രഫഷനല്‍ പരിശീലനം നല്കാന് ആലോചിക്കുന്നുണ്ട്. രണ്ടാംഘട്ടമായി തിരഞ്ഞെടുത്ത 3300 പേര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
അഗ്നിരക്ഷാസേന ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍, ഡയറക്ടര്‍ ടെക്നിക്കല്‍ എം. നൗഷാദ്, ഡയറക്ടര്‍ അഡ്മിനിസ്ട്രേഷന് അരുണ്‍ അല്‍ഫോണ്‍സ്, അക്കാദമി ഡയറക്ടര്‍ എം.ജി. രാജേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ എ.എസ്. ജോഗി, എസ്.എല്‍. ദിലീപ്, തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളില്‍ എം.ടെക് യോഗ്യതയുള്ള നാലു പേരും എം.ബി.എ ഉള്ള രണ്ടു പേരും ബി.എഡ് ഉള്ള മൂന്നു പേരും ബിരുദാനന്തരബിരുദമുള്ള 24 പേരും ബി.ടെക് നേടിയ 51 പേരും 158 ബിരുദധാരികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.