ലഹരി വിരുദ്ധ ദിനം മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി; ഞായറാഴ്ച തെരഞ്ഞെടുത്തത് ഗാന്ധി ജയന്തിയായതിനാൽ
text_fieldsതിരുവനന്തപുരം: ഞായറാഴ്ച ആരംഭിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച ഒക്ടോബർ രണ്ടാണ്. ഗാന്ധിജയന്തി ദിനമാണ് ഇത്തരം പരിപാടികൾ തുടങ്ങാൻ ഏറ്റവും നല്ലത്. അതിന് പ്രത്യേക പ്രധാന്യമുണ്ട്. അതിന്റെ പ്രായോഗികതയിലുള്ള വിഷമം മനസിലാക്കുന്നുണ്ട്. എന്നാലും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഞായറാഴ്ച സ്കൂളുകൾ പ്രവർത്തി ദിനമാക്കി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ നടത്തുന്നതിനെ കേരള കത്തോലിക്കാ മെത്രാൻ സമിതി എതിർത്തിരുന്നു.
ലഹരി വിരുദ്ധ ദിനത്തിനായി ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂർവമല്ലെന്ന് വി.ശിവൻകുട്ടിയും പറഞ്ഞു. ഗാന്ധി ജയന്തി ദിനമായതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ സ്കൂളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവരും കൈകോർക്കണം. രാവിലെ 10ന് ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. പരമാവധി ആളുകളുടെ പങ്കാളിത്തത്തോടെ സ്കൂൾതല പരിപാടി രാവിലെ 9.30ന് ആരംഭിക്കും. ഈ ചടങ്ങിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദർശിപ്പിക്കണം- മന്ത്രി പറഞ്ഞു
ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തതിൽ മാർത്തോമ്മാ സഭയും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. വിശ്വാസികൾക്ക് ഞായറാഴ്ച വിശുദ്ധദിനമാണെന്നും നാളത്തെ ലഹരിവിരുദ്ധ പരിപാടി മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനെ പിന്തുണക്കുന്നുണ്ടെന്നും സഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.