സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, മുഖ്യമന്ത്രി രാജിവെക്കണം -കെ. സുരേന്ദ്രൻ
text_fieldsപത്തനംതിട്ട: കണ്ണൂരിൽ ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടിയെടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം സ്ഥാനം രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഗവർണറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ കുറ്റം ചെയ്തവർക്കെതിരെ ഒരു നടപടിയുമെടുക്കാതെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ചെയ്തത്.
ഗവർണർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമവും അതിന് പിന്നിലെ ഗൂഡാലോചനയും ഹൈകോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷ് ഗവർണർ സംസാരിക്കുന്ന വേദിയിൽ നിന്നിറങ്ങിയപ്പോയി, അക്രമികൾക്കെതിരെ പൊലീസ് നടപടി തടയുന്നതിന് ശ്രമിക്കുന്ന കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. രാഗേഷിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കണ്ണൂരിൽ ഗവർണക്കെതിരെ നടന്ന കയ്യേറ്റ ശ്രമം ആസൂത്രിതമാണ്. പ്ലക്കാർഡുകൾ നേരത്തെ തയ്യാറാക്കുകയും പ്രതിഷേധത്തിന് വിദ്യാർഥികളെ ഒരുക്കി നിറുത്തുകയുമായിരുന്നു. വി.സി നിയമനത്തിൽ അനധികൃതമായി ഇടപെടുകയും തന്‍റെ നാട്ടുകാരനായതിനാൽ ഒരാളെ വി.സിയാക്കണമെന്നാവശ്യപ്പെടുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. കുറ്റകൃത്യം മറച്ചുവെക്കുകയും കുറ്റവാളികളെ രക്ഷിക്കുകയും ചെയ്ത മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.