പി.ആര്‍ ഏജന്‍സിയേയും പത്രത്തിനെയും പഴിചാരി മലപ്പുറത്തെ ആക്ഷേപിച്ചതില്‍ നിന്നു രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതരുത്-രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: പി.ആര്‍ ഏജന്‍സിയേയും പത്രത്തിനെയും പഴിചാരി മലപ്പുറത്തെ തള്ളിപ്പറഞ്ഞതില്‍ നിന്നു രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതരുതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു വേണ്ടി വാര്‍ത്താകുറിപ്പു കൈമാറിയ ഏജന്‍സിയെ ബലിയാടാക്കി ഒരു നാടിനെ അവഹേളിച്ചതില്‍ നിന്നു രക്ഷപ്പെടാനാണ് ഇപ്പോള്‍ ശ്രമം. മലപ്പുറത്തെ ജനങ്ങളെ അവഹേളിച്ചതിന് മാപ്പു പറയേണ്ടത് പിണറായി വിജയനാണ്. അല്ലാതെ ഹിന്ദു പത്രമല്ല. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇറക്കിയ ഒരു കുറിപ്പു കൊണ്ടു തീരുന്നതല്ല മലപ്പുറത്തിന്റെ വികാരത്തിനേറ്റ മുറിവ്. ഇത് മുഖ്യമന്ത്രി ഗൗരവമായി ഉള്‍ക്കൊണ്ട് ജനവികാരം മാനിച്ച് മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മലപ്പുറത്തെ ജനങ്ങളെ ഒറ്റപ്പെടുത്തി അവഹേളിക്കാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. മലപ്പുറം ജില്ല സ്വര്‍ണകളളക്കടത്തുകാരുടെയും സാമൂഹ്യവിരുദ്ധരുടെയും ആസ്ഥാനമാണ് എന്ന തരത്തില്‍ മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു. ഇമേജ് ബില്‍ഡിങ്ങിനു വേണ്ടി മുഖ്യമന്ത്രി വെച്ച പിആര്‍ ഏജന്‍സിയാണ് പത്രത്തെ സമീപിച്ചത്. അവര്‍ കൊടുത്ത പത്രക്കുറിപ്പ് മുഖ്യമന്ത്രി അറിയാതെയാണ് നല്‍കിയത് എന്നത് അപഹാസ്യമാണ്. ഈ വിശദീകരണം നല്‍കാന്‍ തന്നെ 48 മണിക്കൂര്‍ വേണ്ടി വന്നു എന്നത് ഇതിനു പിന്നിലെ ഗൂഢാലോചന വെളിവാക്കുന്നു.
കേരളത്തില്‍ സ്വര്‍ണകള്ളക്കടത്തിന്റെ ആസ്ഥാന കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. കേരളത്തിലെ ഏറ്റവും വലിയ മാഫിയാ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇത് മറച്ചു വെക്കുന്നതിനാണ് മലപ്പുറത്തെ മന:പൂര്‍വം അവഹേളിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്.
കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും സ്വര്‍ണക്കടത്ത് നടക്കുന്നുണ്ട്. ഇന്ത്യയിലെ നിരവധി എയര്‍പോര്‍ട്ടുകളില്‍ നടക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് ഒരു ദേശവിരുദ്ധപ്രവര്‍ത്തനമാണ്. അതിനെ ദേശവിരുദ്ധപ്രവര്‍ത്തനമായി കണ്ട് നടപടിയെടുക്കണം. അതിനു പകരം മലപ്പുറത്തെ ജനങങളെ പ്രത്യേകിച്ച് ന്യൂനപക്ഷസമുദായത്തെ ഉന്നം വെച്ചു നടത്തിയ പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. അത് പിന്‍വലിച്ച് മാപ്പ് പറഞ്ഞേ പറ്റു.
അന്‍വര്‍ ഉന്നയിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കൊന്നും മറുപടിയില്ല. പാര്‍ട്ടി അണികളെക്കൊണ്ട് അന്‍വറിന്റെ വാദങ്ങളെ തമസ്‌കരിക്കാനാണ് ശ്രമം. ഒപ്പം മലപ്പുറത്തിനെതിരെ അവഹേളന പ്രസ്താവന നടത്താനും ശ്രമിക്കുന്നു. മുഖ്യമന്ത്രിക്കു എന്തൊക്കെയോ മറക്കാന്‍ ഉണ്ടെന്നതാണ് ഇത് കാണിക്കുന്നത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.