രാജി വെക്കേണ്ടത് മുഖ്യമന്ത്രി -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരടക്കം അറിഞ്ഞുകൊണ്ടാണ് സ്വർണ്ണക്കള്ളക്കടത്തും കരാർ നിയമനങ്ങളും കൺസൽട്ടൻസി അഴിമതികളും നടന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയാണ് രാജിവെക്കേണ്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. സി.പി.എം ജീർണതയുടെ പാരമ്യത്തിലാണ്. പാർട്ടി സെക്രട്ടറിയെ മാറ്റി നിർത്തേണ്ട ഗതികേടിലാണ് അവർ. ജനങ്ങളെ സംബന്ധിച്ച് പാർട്ടിയിലെ മാറ്റങ്ങളല്ല വിഷയം. അഴിമതിയുടെ പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രി പിണറായി വിജയെൻറ ഓഫിസ് മാറിയതായി ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗുരുതരമായ ക്രമക്കേടുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോൾ ജയിലിലാണ്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ നൽകുന്നതിനായി വൻ കോഴയാണ് നൽകിയിരിക്കുന്നതെന്ന് തോമസ് ഐസക്കും സി.പി.എം പാർട്ടി ചാനലും സ്ഥിരീകരിച്ചതാണ്. അതിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതർ ഇടപെട്ടു എന്ന സൂചനകളാണ് പുറത്ത് വരുന്നത്.
കേരളത്തിൽ പി.എസ്.സിയെ നോക്കുകുത്തിയാക്കി നടത്തിക്കൊണ്ടിരിക്കുന്ന കരാർ നിയമനങ്ങളിലും വൻകിട പ്രൊജക്ടുകളുടെ കൺസൽട്ടൻസി നിയമനങ്ങളിലെ ക്രമക്കേടിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്ന ശിവശങ്കരന് പങ്കുണ്ടെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയടക്കം ഓഫിസിലെ വേറെയും ഉന്നതരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നു. പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയവരെ രക്ഷിക്കാൻ വിജിലൻസ് അന്വേഷണം നടത്തുന്നത് പോലും തടയുന്നതായും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.