'കേന്ദ്രാനുമതിയില്ലാതെ നടപ്പാക്കാനാകില്ല'; സിൽവർ ലൈനിൽ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രാനുമതി പ്രധാനമാണെന്നും അതില്ലാതെ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കെതിരെ വലിയ എതിർപ്പ് വളർത്തിക്കൊണ്ടുവന്നാൽ, ബി.ജെ.പിയും കൂടി അതിൽ ചേരുമ്പോൾ നേരത്തേ അനുകൂലമാണെങ്കിലും അനുമതി നൽകുന്നതിൽ കേന്ദ്രം ഒന്ന് ശങ്കിക്കും.
കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ മുന്നോട്ടു പോകാനാകൂ. സംസ്ഥാനത്തിന് മാത്രം നടപ്പാക്കാനാകുന്നതാണെങ്കിൽ കേന്ദ്രം എതിർപ്പുയർത്തിയാലും നടപ്പാക്കാനാകും. ഇ.എം.എസ് അക്കാദമിയിൽ നവകേരള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിൽവർ ലൈനിൽ കൃത്യമായ രാഷ്ട്രീയ സമരമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചാത്തല സൗകര്യത്തിന് നാടിന്‍റെ താൽപര്യം ഹനിക്കാത്ത വിധം മൂലധനം ആകർഷിക്കും. ഐ.ടി പാർക്കുകളെ പിന്തുണക്കും. സഹകരണ മേഖലയെയും ടൂറിസത്തിൽ കൊണ്ടുവരണം. അർഹമായ നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കണം. ഉൽപാദന മേഖലയിൽ മൂലധന നിക്ഷേപത്തിന് കടമെടുക്കൽ തെറ്റല്ല. അത്തരം മേഖലയിൽ നിക്ഷേപിക്കാൻ വായ്പയടക്കം ആശ്രയിക്കും. നാടിന്‍റെ താൽപര്യം ഹനിക്കാത്ത വിദേശ വായ്പകളേ എടുക്കൂ.
വികസിത- മധ്യവരുമാന രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് സംസ്ഥാനത്തെ ഉയർത്തലാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം വരണം. കോഴ്സുകൾ പരതി കേരളത്തിന് പുറത്തുപോകുന്നത് അവസാനിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്. രാമചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.