ശാസ്ത്രജ്ഞരേക്കാൾ ആദരം ആൾദൈവങ്ങൾക്ക് -മുഖ്യമന്ത്രി
text_fieldsപീരുമേട് (ഇടുക്കി): ശാസ്ത്രജ്ഞരേക്കാൾ, ശാസ്ത്രത്തെ നോക്കുകുത്തിയാക്കുന്ന ആൾദൈവങ്ങൾ ആദരിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങളല്ല വിദ്യാലയങ്ങളാണ് വേണ്ടതെന്ന ഉദ്ബോധനം ഉയർന്ന രാജ്യത്ത് ഗവേഷണത്തേക്കാൾ പ്രാധാന്യം നൽകുന്നത് ആരാധനാലയങ്ങൾ നിർമിക്കാനാണ്. ശാസ്ത്ര ചരിത്രത്തെ കെട്ടുകഥകളും കേട്ടുകേൾവികളുമായി ബന്ധപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. അത്തരമൊരു കാലത്ത് ശാസ്ത്രത്തെക്കുറിച്ച് ശരിയായ ചരിത്രബോധം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 35ാമത് കേരള ശാസ്ത്ര കോൺഗ്രസ് കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രമല്ല, മതമാണ് രാജ്യപുരോഗതിക്കുള്ള വഴി എന്ന് പ്രചരിപ്പിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെയെല്ലാം ആത്യന്തികഫലം സ്വാതന്ത്ര്യമല്ല, പാരതന്ത്ര്യമാണ്. ഈ സന്നിഗ്ധ ഘട്ടത്തിലാണ് ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താൻ നാം പൊരുതേണ്ടത്. മാനവികതയുടെ കണ്ണ് കെട്ടിക്കാനും കണ്ണ് തുറപ്പിക്കാനും ശാസ്ത്രത്തിന് കഴിയും. ഹിരോഷിമയിലും നാഗസാകിയിലും വിയറ്റ്നാമിലുമൊക്കെ കൂട്ടക്കുരുതികൾക്ക് വഴിയൊരുക്കി മാനവികതയുടെ കണ്ണുകെട്ടിക്കുന്ന കാഴ്ചകൾ കണ്ടു. രോഗപ്രതിരോധ മാർഗങ്ങളൊരുക്കി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്യുന്ന തരത്തിൽ ശാസ്ത്രം മാനവികതയുടെ കണ്ണ് തുറപ്പിച്ച ഘട്ടങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കുന്ന പ്രത്യേക പ്രഭാഷണങ്ങളുടെയും പ്രബന്ധങ്ങളുടെയും സമാഹാരം പ്രകാശനം ചെയ്തു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി. സുധീർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.