വംശീയ വിദ്വേഷം ചെറുക്കാനുള്ള ഒറ്റമൂലി ഗുരുസന്ദേശം -മുഖ്യമന്ത്രി
text_fieldsവർക്കല: വംശീയ വിദ്വേഷം ലോകത്താകമാനം പടരുന്നെന്നും അതിനെ ചെറുക്കാനുള്ള ഒറ്റമൂലി ഗുരുസന്ദേശങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 91ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മത വംശ ഭേദങ്ങളില്ലാത്ത മനുഷ്യവംശത്തിന്റെ ഒരുമയാണ് ശ്രീനാരായണ ഗുരു ആഗ്രഹിച്ചത്. ഒരുജാതിയെന്നും ഒരു മതമെന്നും അരുളിചെയ്തതിലൂടെ മനുഷ്യ ജാതിയെന്നും മനുഷ്യ മതമെന്നുമാണ് ഗുരു പഠിപ്പിച്ചത്.
മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നുമാണ് ഗുരു സന്ദേശം. ഈ തത്വം മനസ്സിൽ ഉറപ്പിക്കാനായിരുന്നെങ്കിൽ ഇസ്രായേലിന് ഗസ്സയിലേക്ക് മിസൈലുകൾ അയക്കാൻ കഴിയുമായിരുന്നില്ല. ഇസ്രായേൽ ആക്രമണം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനെതിരെയല്ല. അവർ യുദ്ധം ചെയ്യുന്നത് മനുഷ്യത്വത്തിനെതിരെയാണ്. ഫലസ്തീനിൽ പിഞ്ചു കുഞ്ഞുങ്ങൾ വരെ നിഷ്ഠുരമായി കൊല്ലപ്പെടുന്നു.
യേശുവിന്റെ ജന്മനാടായ ബത്ലഹേമിൽ ഇക്കുറി ക്രിസ്മസ് ആഘോഷം ഉണ്ടായില്ല. പുൽക്കൂട് ഒരുങ്ങേണ്ടിടത്ത് തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾ മാത്രം. ഉണ്ണിയേശുവിനെ കിടത്തേണ്ടിടത്ത് ചോരപുരണ്ട കുഞ്ഞുങ്ങൾ. അപ്പോൾ അവരെങ്ങനെ ക്രിസ്മസ് ആഘോഷിക്കും. ഫലസ്തീൻ എന്നു കേൾക്കുമ്പോൾ മുസ്ലിം വിശ്വാസികളെയാണ് പലരുടെയും മനസ്സിൽ വരുന്നത്. എന്നാൽ അവിടെ ക്രിസ്ത്യാനികളുണ്ട്, പള്ളികളുമുണ്ട് -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ ശിവഗിരിയുടെ സ്വന്തം മുഖ്യമന്ത്രിയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ പറഞ്ഞു. ഈഴവരാദി പിന്നാക്കക്കാരെ ക്ഷേത്ര പൂജാരികളായി നിയമിക്കാൻ നിയമം കൊണ്ടുവന്നത് വിപ്ലവകരമാണ്. എന്നാൽ പ്രധാന ക്ഷേത്രങ്ങളിലെ മേൽശാന്തിക്കാരെ തെരഞ്ഞെടുക്കുമ്പോൾ ബ്രാഹ്മണ മേധാവിത്വമുണ്ടെന്നും ഇത് രാജ്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.