മുന്നറിയിപ്പ് യഥാസമയം കിട്ടിയില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഒാഖി ചഴലിക്കാറ്റിനെക്കുറിച്ച് യഥാസമയം മുന്നറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നറിയിപ്പ് കണക്കിലെടുക്കുന്നതിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി ഇക്കാര്യം കേന്ദ്ര മന്ത്രിമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ ചുഴലിക്കാറ്റ് മാനദണ്ഡമനുസരിച്ച് മൂന്നു ദിവസം മുതൽ അഞ്ചുദിവസം മുമ്പു വരെ എല്ലാ 12 മണിക്കൂറും ഇടവിട്ട് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകണം. രണ്ടു ദിവസം മുമ്പ് എല്ലാ മൂന്ന് മണിക്കൂറിലും ചുഴലിയുടെ തീവ്രത, പാത, ദിശ മുതലായവ സംബന്ധിച്ച് അറിയിപ്പ് നൽകണം. ഒാഖിയുടെ കാര്യത്തിൽ ഇതൊന്നുമുണ്ടായിട്ടില്ല. മുന്നറിയിപ്പ് ലഭിച്ച ശേഷം സർക്കാർ ഏജൻസികൾ യുദ്ധകാലാടിസ്ഥാനത്തിൽ ദുരന്തനിവാരണ-ദുരന്ത ലഘൂകരണ നടപടി സ്വീകരിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായ ദുരന്തമാണ് ചുഴലിക്കാറ്റ് മൂലം കേരള തീരത്തുണ്ടായെതന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറ്റാണ്ടിനിടക്ക് ആദ്യമായാണ് കടലിൽ ഇത്തരമൊരു ദുരന്തം കേരളം നേരിടുന്നത്. നവംബർ 28ന് മീൻപിടിത്തക്കാർ കടലിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഉപദേശിക്കുന്നു എന്നാണ് സമുദ്രനിരീക്ഷണകേന്ദ്രത്തിെൻറ വെബ്സൈറ്റിൽ ഉണ്ടായിരുന്നത്. ഇതു സംബന്ധിച്ച ഇ-മെയിൽ, ഫാക്സ് സന്ദേശങ്ങൾ സർക്കാറിന് ലഭിച്ചിരുന്നില്ല. നവംബർ 29ന് 2.30ന് ഇന്ത്യൻ നാഷനൽ സെൻറർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവിസ് നൽകിയ അറിയിപ്പിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന ഉപദേശമുണ്ടായിരുന്നു. അത് മാധ്യമങ്ങളിലുൾപ്പെടെ നൽകിയിരുന്നു. അച്ചടി മാധ്യമങ്ങളിൽ ചിലത് മാത്രമാണ് വാർത്ത നൽകിയത്. അതിൽ പലതും അപ്രധാനമായ സ്ഥാനത്തുമായിരുന്നു.
നവംബർ 30ന് രാവിലെ 8.30ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ലഭിച്ച സന്ദേശത്തിൽ ന്യൂനമർദം തീവ്രന്യൂനമർദമായി മാറുമെന്ന് അറിയിപ്പ് നൽകി. ഇതോടൊപ്പം നൽകിയ ഭൂപടത്തിലും ന്യൂനമർദ പാതയും ദിശയും കന്യാകുമാരിക്ക് തെക്ക് 170 കി.മീ ദൂരത്തിലായിരുന്നു. ചുഴലി മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. അപ്പോഴും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഉപദേശിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. 30ന് ഉച്ചക്ക് 12നാണ് ന്യൂനമർദം ചുഴലിക്കാറ്റായി മാറിയെന്ന അറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ലഭിച്ചത്.
ചുഴലിയുടെ മുന്നറിയിപ്പ് ലഭിച്ചതിനാൽ അഞ്ച് മിനിറ്റിനകം 12.05ന് എല്ലാ പ്രധാന ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിപ്പ് നൽകി. അപ്പോഴേക്കും മത്സ്യത്തൊഴിലാളികളിൽ പലരും കടലിലേക്ക് പോയിരുന്നു. പ്രകൃതി ദുരന്തങ്ങൾ കൃത്യമായും മുൻകൂട്ടിയും പ്രവചിക്കുന്നതിന് കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ വേണമെന്ന അഭിപ്രായം കേന്ദ്രമന്ത്രിമാരും പങ്കുവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.