മാസപ്പടി വിവാദം വീണ്ടും കനക്കുന്നു
text_fieldsതിരുവനന്തപുരം: ഇടവേളക്കുശേഷം മാസപ്പടി വിവാദത്തിൽ വീണ്ടും ആരോപണ -പ്രത്യാരോപണങ്ങൾ കടുക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ നിയമപ്രകാരമുള്ള നികുതി അടച്ചെന്ന് ജി.എസ്.ടി വകുപ്പിന്റെ മറുപടിയും ഇതിനെതുടർന്ന് മാത്യു മാപ്പ് പറയണമെന്ന സി.പി.എം ആവശ്യവുമാണ് വിഷയം വീണ്ടും സജീവമാകുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. ധനവകുപ്പിന്റേതാണ് കാപ്സ്യൂളെന്ന് തിരിച്ചടിച്ച മാത്യു വീണ്ടും ചോദ്യങ്ങളുന്നയിച്ചു. മന്ത്രി കെ.എൻ. ബാലഗോപാലും എ.കെ. ബാലനും മറുപടിയുമായെത്തി. ഫലത്തിൽ അധികം ചർച്ചയാകാതിരിക്കാൻ സി.പി.എം സൂക്ഷ്മതതോടെ സമീപിച്ച വിഷയം വീണ്ടും വാദപ്രതിവാദങ്ങളിലേക്കെത്തുകയാണ്. സേവനം നൽകാതെ പണം വാങ്ങിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഗുരുതുര കണ്ടെത്തിലിനെ എക്സാലോജിക് ജി.എസ്.ടി അടച്ചെന്ന് സ്ഥാപിച്ച് ലഘൂകരിക്കാനാണ് സി.പി.എം ശ്രമം. മാത്യു കുഴൽനാടൻ ഇതിന് തലവെക്കുന്നെന്ന വിമർശനവും മറുഭാഗത്തുണ്ട്.
മാപ്പുപറഞ്ഞ് മാസപ്പടി മറികടക്കാൻ ശ്രമിച്ച സി.പി.എമ്മിനോട് ‘വീണാ വിജയൻ 2018 ജനുവരി ഒന്നിനാണ് ജി.എസ്.ടി രജിസ്ട്രേഷനെടുത്തതെന്നും എന്നാൽ 2017 മുതൽ വീണ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ജി.എസ്.ടി രജിസ്ട്രേഷനില്ലാതെ എങ്ങനെ നികുതി അടയ്ക്കാൻ പറ്റുമെന്നും’ മാത്യു തിരികെ ചോദിച്ചു. വീണക്ക് മാത്രമായി ജി.എസ്.ടി എടുക്കുന്നതിനുമുമ്പ് നികുതി അടയ്ക്കാൻ സംവിധാനമുണ്ടായിരുന്നോയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവാദിത്തത്തോടെയാണ് എം.എൽ.എ ആരോപണം ഉന്നയിക്കുന്നതെങ്കിൽ അദ്ദേഹത്തിന് കോടതിയിൽ പോകാമെന്നും രജിസ്റ്റർ ചെയ്തതിന് മുമ്പ് എങ്ങനെ നൽകിയെന്നത് ജി.എസ്.ടി കമീഷണറാണ് പറയേണ്ടതെന്നും എ.കെ. ബാലൻ തിരിച്ചടിച്ചു.
പിന്നാലെ ധനമന്ത്രി ബാലഗോപാലും മാത്യുവിന് വിശദീകരണവും മറുപടിയുമായെത്തി. ഐ.ജി.എസ്.ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്ന മാത്യു കുഴൽനാടന്റെ ചോദ്യത്തിന്, നികുതി ഒടുക്കിയെന്ന് മറുപടി കൊടുത്തെന്നും നിയമപരമായി മാത്രമേ മറുപടി പറയാൻ കഴിയൂവെന്നുമായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. ഐ.ജി.എസ്.ടി പ്രകാരമുള്ള നികുതി വീണ അടച്ചിട്ടുണ്ട്. മാത്യു തെറ്റിദ്ധാരണ പരത്തുകയാണ്. 2017 ജൂലൈ ഒന്ന് മുതലാണ് ജി.എസ്.ടി നിലവിൽവരുന്നത്. അതിന് മുമ്പ് സർവിസ് ടാക്സ് കേന്ദ്ര നികുതിയാണ്. കുടുംബത്തെയും വ്യക്തിപരമായും അക്രമം നല്ലതല്ല. കുഴൽനാടൻ ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരണമെന്നും ധനമന്ത്രി പരിഹസിച്ചു. അതേ മാസപ്പടി വിവാദത്തിൽ ഇ.ഡി അന്വേഷണം നടന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിട്ടുണ്ട്.
വീണയുടെ കമ്പനി നടത്തിയത് കള്ളപ്പണ ഇടപാടെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: സ്വകാര്യ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാടാണെന്നും അത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എക്സലോജിക് ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് സി.എം.ആര്.എല്ലിലെ ജീവനക്കാര്‍ മൊഴി നൽകിയിട്ടുണ്ട്. മാത്രമല്ല, സി.എം.ആര്.എല്ലിന് ആവശ്യമായ സോഫ്റ്റ് വെയര്‍ സൊല്യൂഷനല്ല എക്സലോജിക്കിന്റെ കൈവശമുള്ളത്. എക്സലോജിക്കിന് കിട്ടിയ തുക കള്ളപ്പണമാണ്. അത് നിയമപരമാക്കാനാണ് കരാർ വെച്ചത്. കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോഡ്രിങ് ആക്ടിന്റെ പരിധിയിലാണ് ഇതുവരുക. അത് അന്വേഷിക്കേണ്ടത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. സേവനം നൽകാതെ കരിമണൽ കമ്പനിയിൽനിന്ന് പണം വാങ്ങിയത് മാസപ്പടിയല്ലാതെ മറ്റെന്താണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു.
മുഖ്യമന്ത്രി സോഷ്യൽ മീഡിയ മാനേജ്മെന്റിന് ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റിടാൻ മാത്രം 6,67,260 രൂപയാണ് മാസംതോറും മാറ്റിവെക്കുന്നത്. ഇതിനായി 12 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരുമാസം പരമാവധി ഇടുന്നത് 20 പോസ്റ്റുകളാണ്. അതിനാണ് സർക്കാർ വർഷം 80 ലക്ഷത്തിലേറെ രൂപ ചെലവിടുന്നത്. നയാപൈസ ഖജനാവിൽ ഇല്ലാതിരിക്കെ ഇത്തരത്തിൽ സർക്കാർ പണം ധൂർത്തടിക്കുന്ന മുഖ്യമന്ത്രിയാണ് കോൺഗ്രസ് സുനിൽ കനഗോലുവിനെ ഉപയോഗപ്പെടുത്തുന്നുവെന്ന് കുറ്റം പറയുന്നതെന്നും സതീശൻ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.