പ്രതിഷേധിക്കുന്നവരെ തല്ലിച്ചതയ്ക്കാൻ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം -എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)
text_fieldsതുറവൂർ: കണ്ണൂരിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാർട്ടി ഗുണ്ടകളും പൊലീസും ചേർന്ന് തല്ലിച്ചതച്ചതിനെ എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് അപലപിച്ചു. ഭരണാധികാരികളുടെ ദുഷ് ചെയ്തികൾക്കെതിരെ കരിങ്കൊടി വീശുന്നത് സ്വാതന്ത്ര്യസമരകാലം മുതലേയുള്ള ലളിതമായ ഒരു പ്രതിഷേധ രീതിയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥ ഉറപ്പ് നൽകുന്നതാണ്. അതിന്‍റെ പേരിൽ അധികാര സ്ഥാനത്തിരിക്കുന്നവർ ഹാലിളകുന്നത് ഏകാധിപത്യ പ്രവണതയുടെയും ധാർഷ്ട്യത്തിന്‍റെയും ലക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധിക്കുന്നവരെ സ്വന്തം പാർട്ടിക്കാരെ ഉപയോഗിച്ച് നേരിടുന്നത് ഫാഷിസ്റ്റ് ചുവയുള്ള നടപടിയാണ്. ജനാധിപത്യ സമരങ്ങൾക്ക് ഏറെ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാൻ പോന്ന നടപടിയാണിത്. ജനങ്ങൾ വിലക്കയറ്റവും ചാർജ് വർധനവുകളും കൊണ്ട് പൊറുതിമുട്ടിയിരിക്കെ, ക്ഷേമപെൻഷനുകൾ നിഷേധിക്കുന്നത് വരെയുള്ള നിരവധി സാമ്പത്തിക അടിച്ചമർത്തലുകൾക്ക് വിധേയരായിരിക്കെ, ഖജനാവിൽ നിന്ന് കോടികൾ ചെലവിട്ട്, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രചാരണ പരിപാടികളുമായി സർക്കാർ ഇറങ്ങുമ്പോൾ ശക്തമായ പ്രതിഷേധം സമൂഹത്തിലുണ്ടാവും.
നിശബ്ദമായി പ്രതിഷേധിക്കുന്ന അനേകായിരങ്ങളുടെ പ്രതിനിധികളാവാൻ പ്രതിപക്ഷ കക്ഷികൾക്ക് ബാധ്യതയുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. ക്രൂരമായ മർദ്ദനത്തെ ജീവൻ രക്ഷാദൗത്യമായി ചിത്രീകരിച്ചതിലൂടെ മുഖ്യമന്ത്രി സ്വന്തം വില കെടുത്തുകയായിരുന്നു. അക്രമം തുടരാൻ പരോക്ഷമായി ആഹ്വാനം ചെയ്തതിലൂടെ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ തീർത്തും അയോഗ്യനാണെന്ന് കൂടി തെളിയിച്ചിരിക്കുകയാണ്. അതിനാൽ സ്വന്തം വാക്കുകൾ പിൻവലിച്ചും നടപടികൾ തിരുത്തിയും കേരള ജനതയോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എസ് .യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.