മുഖ്യമന്ത്രി 11ന് ഭൂരഹിതരായ 10 പേർക്ക് പട്ടയം നൽകും
text_fieldsചെറുതോണി: മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കിയിലെത്തുന്ന 11ന് ഭൂമിയില്ലാത്ത 10 പേർക്ക് മൂന്നു സെന്റ് വീതം നൽകും. നവകേരള സദസ്സിന് മുന്നോടിയായി ഇടുക്കി താലൂക്ക് ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ചേര്‍ന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അഡ്വ. എബി തോമസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇടുക്കിയിലെത്തുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് പട്ടയം നല്‍കുന്നതിനും ഭവന നിര്‍മാണ പദ്ധതികളില്‍ കൈവശരേഖക്ക് അപേക്ഷ സമര്‍പ്പിച്ച അര്‍ഹതപ്പെട്ടവർക്ക് അനുമതി നല്‍കുന്നതിനും തീരുമാനിച്ചു.
ഭൂമിയില്ലാത്ത 20 പേര്‍ക്ക് ഭൂമിയും പട്ടയവും നല്‍കുന്നതിന് 20 പേരുടെ ലിസ്റ്റ് താലൂക്കില്‍ നല്‍കിയിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് വേറെ സ്ഥലമില്ലെന്ന സത്യവാങ്മൂലം നല്കണമെന്നാവശ്യപ്പെട്ടതിനെത്തുടര്ന്ന് 10 പേര് പിന്മാറി. ബാക്കിയുള്ള 10 പേരിൽ ഒരാള്‍ക്ക് മൂന്നുസെന്റും ഇതിന് പട്ടയവും 11ന് മുഖ്യമന്ത്രി നല്‍കും. കഞ്ഞിക്കുഴി പഞ്ചായത്തില്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള റവന്യൂ ഭൂമിയാണ് വിതരണം ചെയ്യുന്നത്. ഇവിടെ മുമ്പ് 50 പേര്‍ക്ക് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. ഇനി 10 പേര്‍ക്കുള്ള ഭൂമി മിച്ചമുണ്ട്. അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയാല്‍ അവര്‍ക്കുകൂടി സ്ഥലം നല്‍കും.
ലഭിച്ച അപേക്ഷകളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മുഴുവന്‍ കൈവശരേഖ നല്‍കുന്നതിനും കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളില്‍ നേരത്തേ നല്കിയ പട്ടയം പരിശോധിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവ വീണ്ടും നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. ജനുവരിയില്‍ നടക്കുന്ന പട്ടയമേളയില്‍ പരമാവധി പട്ടയം കൊടുക്കുന്നതിന് നടപടികളാരംഭിച്ചതായും തഹസില്‍ദാര്‍ പറഞ്ഞു. എന്നാല്‍, ജീവനക്കാരുടെ കുറവും വാഹനം ലഭിക്കാത്തതും നടപടികള്‍ക്ക് തടസ്സം വരുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.