ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപം: ഇരട്ടനീതിയുടെ തെളിവെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം ക്രൈസ്തവ സഭയോടുള്ള അദ്ദേഹത്തിന്റെയും പാർട്ടിയുടേയും ഇരട്ടനീതിയുടെ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സമസ്തയുടെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളും സുപ്രഭാതം പത്രവും രൂക്ഷമായ ഭാഷയിൽ സർക്കാരിനെ വിമർശിച്ചിട്ടും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ക്രൈസ്തവ പുരോഹിതനെ വിവരദോഷിയെന്ന് വിളിച്ചത് ഞെട്ടിക്കുന്നതാണ്.
പിണറായി വിജയന്റെ നിലപാട് ഫാസിസ്റ്റ് സമീപനത്തോടൊപ്പം ഇസ് ലാമിക പ്രീണനം കൂടിയാണ്. ഹിന്ദു- ക്രിസ്ത്യൻ നേതാക്കളോട് അദ്ദേഹത്തിനും പാർട്ടിക്കും ഒരു നീതിയും മുസ്ലിം നേതാക്കളോട് മറ്റൊരു നീതിയുമാണ്. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൽ അരിശം പൂണ്ട സി.പി.എം നേതാവ് റെജി ലൂക്കോസ് ക്രൈസ്തവരെ അപമാനിക്കുവാനായി യേശു ക്രിസ്തുവിനെ വികലമാക്കിയ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും ഇതേ സമീപനത്തിന്റെ ഭാഗമായാണ്. ഹിന്ദു ദേവങ്ങളെ പോലെ തന്നെ ക്രൈസ്തവ വിശ്വാസങ്ങളെയും അപമാനിക്കുന്ന രീതി സി.പി.എം തുടരുകയാണ്. നേരത്തെ താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ച വ്യക്തിയാണ് പിണറായി വിജയനെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സി.പി.എം ഒരു തിരുത്തലുകൾക്കും തയാറല്ലെന്നും മുസ് ലീം പ്രീണനം തുടരുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് തോൽവിയുടെ പകയാണ് അദ്ദേഹം തീർക്കുന്നത്. സർക്കാരിന്റെ വർഗീയ പ്രീണനത്തിനും അഴിമതിക്കും ജനവഞ്ചനക്കുമെതിരായ ജനവിധിയാണ് സംസ്ഥാനത്തുണ്ടായത്. അതിനെ മറികടക്കുവാൻ വേണ്ടിയാണ് ഇടതുപക്ഷം പാലസ്തീനും സി.എ.എയും ചർച്ചയാക്കാൻ ശ്രമിച്ചത്.
എന്നാൽ ഇത്തരം വർഗീയ പ്രചരണത്തെ പ്രബുദ്ധരായ വോട്ടർമാർ തള്ളിക്കളഞ്ഞു. കമ്മ്യൂണിസ്റ്റ് കോട്ടകളിൽ ബി.ജെ.പി ആധിപത്യം സ്ഥാപിച്ചുവെന്ന് കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.വി ജയരാജന് പോലും സമ്മതിക്കേണ്ടി വന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.