മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലുകാർക്ക് യാത്രബത്തക്ക് രേഖ വേണ്ട
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ ജീവനക്കാർക്ക് യാത്രബത്ത ലഭിക്കാൻ യഥാർഥ രേഖകൾ വേണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകി ധനവകുപ്പ്. യാത്രബത്ത വാങ്ങാൻ യഥാർഥ ടിക്കറ്റ് ഹാജരാക്കണമെന്നതിനു പുറമെ, പ്രതിമാസ-ത്രൈമാസ യാത്രബത്ത പരിധിയിൽനിന്ന് ഒഴിവാക്കി. 2022 നവംബർ മുതൽ 2023 ഫെബ്രുവരി വരെ കാലത്തേക്കാണ് ഇളവ്. സാധാരണ യാത്രബത്ത അനുവദിക്കാൻ യഥാർഥ രേഖകൾ ഹാജരാക്കണമെന്ന് സർക്കാർ മൂന്ന് ഉത്തരവുകളിലായി വ്യക്തമാക്കിയിരുന്നു. അതിലാണ് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ ജീവനക്കാർക്ക് ഇളവ് നൽകിയത്.
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിരന്തരം യാത്ര നടത്തേണ്ടിവന്ന സാഹചര്യത്തിലാണ് രേഖകൾ വേണമെന്നതടക്കം വ്യവസ്ഥകൾ ഒഴിവാക്കുന്നതെന്ന് ധനകാര്യ വ്യയം സെക്രട്ടറി സഞ്ജയ് എം. കൗളിന്റെ ഉത്തരവിൽ പറയുന്നു. സെല്ലിലെ പരാതിയുടെ തീർപ്പാക്കൽ 98 ശതമാനം പിന്നിട്ടു. പരാതി തീർപ്പാക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണം. തീർപ്പാക്കുന്ന 10 ശതമാനം പരാതി മേലധികാരികൾ പരിശോധിക്കണം.
ജില്ല തല ഉദ്യോഗസ്ഥരുടെയും സി.എം.ഒ പോർട്ടൽ ചാർജ് ഓഫിസർമാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗം ജില്ല ആസ്ഥാനങ്ങളിൽ വിളിച്ചുചേർത്ത് കമ്പ്യൂട്ടർ സെല്ലിലെ ടീം ഗുണമേന്മയോടെ പരാതി തീർപ്പാക്കേണ്ട പ്രാധാന്യം ബോധ്യപ്പെടുത്തി. ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായ അപേക്ഷകൾ കൈകാര്യം ചെയ്യേണ്ടതിലെ ജാഗ്രതയും കാര്യക്ഷമതയും വേഗവും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽകൊണ്ടുവന്നു. ഓരോ ജില്ലയിലും രണ്ടു ദിവസമായി രണ്ടര മണിക്കൂറിലധികമുള്ള നാല് സെഷനുകൾ വീതം യോഗങ്ങൾ നടത്തി. ഇതിനായി നിരന്തരം യാത്ര നടത്തേണ്ടിവന്നതിനാൽ പലതിന്റെയും ട്രെയിൻ-ബസ് ടിക്കറ്റുകൾ സൂക്ഷിച്ചുവെക്കാനായില്ലെന്നും ഇളവ് നൽകണമെന്നും കമ്പ്യൂട്ടർ സെൽ ആവശ്യപ്പെടുകയായിരുന്നു. ബില്ലുകളെ പ്രതിമാസ/ത്രൈമാസ പരിധിയിൽ നിന്നും മറ്റ് നിബന്ധനകളിൽനിന്നും ഒഴിവാക്കണമെന്ന ആവശ്യവും ധനവകുപ്പ് അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.