മുഖ്യമന്ത്രിയുടെ ജമാഅത്ത് വിമർശനം ആർ.എസ്.എസ് ബാന്ധവം മറച്ചുവെക്കാൻ -ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: വിവിധ പ്രശ്നങ്ങളിൽനിന്ന് തന്‍റെ കുടുംബത്തെ രക്ഷപ്പെടുത്താൻ ആർ.എസ്.എസിന് വിധേയപ്പെട്ട മുഖ്യമന്ത്രി അതിൽനിന്ന് ശ്രദ്ധതിരിക്കാൻ ജമാഅത്തെ ഇസ്ലാമിയെ ഉന്നംവെക്കുകയാണെന്ന് കേരള അമീർ പി. മുജീബ് റഹ്മാൻ. ജമാഅത്തിനെ മാത്രമല്ല, മിക്ക മുസ്ലിം സംഘടനകളുടെ കാര്യത്തിലും സംഘ്പരിവാർ സൃഷ്ടിക്കുന്ന മുദ്രകുത്തലിന് മുഖ്യമന്ത്രിയും പാർട്ടിയും പിന്തുണ നൽകുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം തീവ്രവാദ ചാപ്പ കുത്താത്തവരായി ഒരു മുസ്ലിം സംഘടനയുമില്ല. മുഖ്യമന്ത്രി പറഞ്ഞപോലെ മുസ്ലിം സമുദായം ആദരിക്കുന്ന, ലോകത്ത് ആരും മോശാഭിപ്രായം പറയാത്ത ഖലീഫമാർ കുഴപ്പക്കാരാണെന്ന വാദം സി.പി.എമ്മിനുണ്ടോ? ആറാം നൂറ്റാണ്ടിലെ ‘പ്രാകൃത’ പ്രയോഗം പോലെ തന്നെയാണ് മുഖ്യമന്ത്രിയുടെ ഖലീഫ വിമർശനം. ഇതുപോലെ കേരളത്തിലെ മറ്റേതെങ്കിലും സമുദായത്തിലെ വിഭാഗീയതിൽ ഇടപെട്ട് അവരെ ചാപ്പ കുത്താനുള്ള ധൈര്യം മുഖ്യമന്ത്രിക്കും പാർട്ടിക്കുമുണ്ടോ എന്നും അമീർ ചോദിച്ചു.
തൃശൂർ പൂരം കലക്കിയ സംഭവത്തിലൂടെ ബി.ജെ.പിക്ക് ലോക്സഭയിൽ സീറ്റ് കിട്ടിയ സാഹര്യത്തിലും അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടും പൂരം കലക്കിയത് ശരിവെക്കുന്നതാണ്. എന്നിട്ടും മുൻ എ.ഡി.ജി.പി അജിത്കുമാറിന്റെ ആർ.എസ്.എസ് ബന്ധം മറച്ചുവെക്കാൻ മുഖ്യമന്ത്രി നടത്തുന്ന ഗിമ്മിക്കിന്‍റെ ഭാഗമാണ് ജമാഅത്തിനും മുസ്ലിം സംഘടനകൾക്കുമെതിരായ ആരോപണങ്ങൾ. സ്വർണക്കടത്തും മലപ്പുറത്തെക്കുറിച്ച വിമർശനവും ഡൽഹിയിൽ പത്രത്തിന് നൽകിയ പി.ആർ അഭുമുഖവുമെല്ലാം തന്‍റെ കുടുംബത്തിനായുള്ള ആർ.എസ്.എസ് ബന്ധത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ്.
ആഗോള ഭീകരതയുമായി ജമാഅത്തിന് ബന്ധമുണ്ടെന്ന ആരോപണത്തിൽ തെളിവ് ഹാജരാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധമുള്ള സംസ്ഥാന ആഭ്യന്തര മന്ത്രി ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. തെളിവ് ഹാജരാക്കാനില്ലെങ്കിൽ ഉത്തരവാദ സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രി കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന പരിക്ക് ചില്ലറയല്ലെന്നും അമീർ വ്യക്തമാക്കി. എതിരാളികൾക്കെതിരെ എങ്ങനെയും പ്രയോഗിക്കാനുള്ളതല്ല തീവ്രവാദം. ചരിത്രത്തിൽ സായുധ വിപ്ലവത്തിന്‍റെ കാര്യത്തിലും രാഷ്ട്രീയ സംഘട്ടനത്തിന്‍റെ കാര്യത്തിലും സി.പി.എമ്മിന്റെ തീവ്രവാദം പകൽപോലെ വ്യക്തമാണ്. വിവിധ രാജ്യങ്ങളിൽ കോടിക്കണക്കിന് പേരെ കൊന്നൊടുക്കിയും ദേശീയ തലത്തിൽ സ്വാതന്ത്ര്യാനന്തരം സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തും സംസ്ഥാനത്ത് എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘങ്ങളെ വളർത്തിയും ടി.പി. ചന്ദ്രശേഖരനെയും അരിയിൽ ഷുക്കൂറിനെയും കൊലപ്പെടുത്തിയും തീവ്രവാദം തെളിയിച്ച സി.പി.എമ്മാണ് തികച്ചും സമാധാനപരമായി പ്രവർത്തിക്കുന്ന ജമാഅത്തിന് നേരെ തീവ്രവാദ ആരോപണം നടത്തുന്നത്.
രണ്ട് കൊലക്കേസുകളിലും 10 ക്രിമിനൽ കേസുകളിലും പ്രതിയായ പി. ജയരാജനാണ് കൂടെ കൊണ്ടുനടന്ന മഅ്ദനിക്കെതിരെയും മറ്റു മുസ്ലിം സംഘനകൾക്കെതിരെയും തീവ്രവാദം പറയുന്നത്. നിരവധി തെരഞ്ഞെടുപ്പുകളിലും മറ്റും ജമാഅത്തിന്‍റെ വിഷയാധിഷ്ഠിത പിന്തുണ സ്വീകരിക്കുകയും അതിനെ പുകഴ്ത്തുകയും ചെയ്തവർ ഇപ്പോൾ തീവ്രവാദ ചാപ്പയുമായി രംഗത്തുവന്നത് തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തമാണ് തെളിയിക്കുന്നതെന്നും അമീർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ആർ.എസ്.എസ് ബന്ധം സി.പി.ഐക്ക് മനസ്സിലായിട്ടുണ്ട്. ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ലാത്തതിനാൽ സി.പി.എമ്മും ഇക്കാര്യം മനസ്സിലാക്കണം. സാമൂഹിക അന്തരീക്ഷം കലുഷിതമാക്കുന്ന നിലപാടുകളിൽനിന്ന് പാർട്ടി പിന്മാറണം. ജമാഅത്ത് കാപ്സ്യൂൾ കൊണ്ട് സി.പി.എമ്മിന് രക്ഷപ്പെടാനാകില്ല. കേരളത്തിലെ ഇസ്ലാമോഫോബിക് അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനകളുണ്ടാക്കുന്ന ആഘാതം ഗൗരവമായി മനസ്സിലാക്കണമെന്നും അമീർ ആവശ്യപ്പെട്ടു. ജമാഅത്ത് ജന. സെക്രട്ടറി ടി.കെ. ഫാറൂഖ്, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.