മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന്; ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ ചൊല്ലി വിവാദം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ ചൊല്ലി വിവാദം കൊഴുക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസ് ലോകായുക്ത പരിഗണനയിലിരിക്കെ കേസ് ഫുൾെബഞ്ചിന് വിട്ട ലോകായുക്തയും ഉപലോകായുക്തയും എതിർകക്ഷിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ വിരുന്നിൽ പങ്കെടുത്തതാണ് വിവാദമായത്. പത്രഫോട്ടോഗ്രാഫർമാർക്കും ചാനൽ കാമറാമാൻമാർക്കും പ്രവേശനം നിഷേധിച്ചിരുന്നതിനാൽ ഇവർ പങ്കെടുത്തതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവന്നിരുന്നില്ല.
ചൊവ്വാഴ്ച നടന്ന വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൻ ഉൽ റഷീദും പങ്കെടുത്തതിനെതിരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി അന്നുതന്നെ പരസ്യപ്രസ്താവന നടത്തിയിരുന്നു. അന്ന് വിഷയം അത്രക്ക് ചൂടുപിടിച്ചില്ലെങ്കിലും വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർ.എസ്. ശശികുമാർ തന്നെ ആരോപിച്ചതോടെ വിവാദം കൊഴുക്കുകയാണ്.
വളരെ കരുതലോടെ മറച്ചുെവച്ചാണ് വിരുന്നിൽ ഇവർ പങ്കെടുത്തതെന്നും വിവരം പൊതുജനമധ്യത്തിൽ എത്താതിരിക്കാൻ ബോധപൂർവമായ ശ്രമം നടന്നെന്നും വ്യക്തമാകുന്ന നിലക്കാണ് കാര്യങ്ങൾ. വിരുന്നിനെക്കുറിച്ച സർക്കാർ വാർത്തക്കുറിപ്പിൽ ലോകായുക്തയുടെ പേര് പരാമർശിച്ചിരുന്നുമില്ല. ചാനലുകൾക്ക് പി.ആർ.ഡി നൽകിയ ദൃശ്യങ്ങളിൽനിന്ന് ലോകായുക്തയെ ഒഴിവാക്കുകയും ചെയ്തിരുന്നത്രെ.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്ക് ആശ്വാസമായ ഭിന്നവിധി അടുത്തിടെയാണ് ഇവരടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. കേസ് 12ന് ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കെ വിരുന്നിലെ ലോകായുക്തയുടെ സാന്നിധ്യത്തെയാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത ലോകായുക്തയുടെയും ഉപലോകായുക്തയുടെയും നടപടി തികഞ്ഞ അനൗചിത്യവും നീതിബോധത്തെ ചോദ്യം ചെയ്യുന്നതുമാണെന്നായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ കുറ്റപ്പെടുത്തൽ. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കുന്നത് പതിവാണെന്നും അനാവശ്യ വിവാദമാണിതെന്നുമാണ് സർക്കാർ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.