മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം; മിണ്ടാതെ, പൊയ്ക്കോട്ടെ
text_fieldsതിരുവനന്തപുരം: പി.ആർ ഇടനില സർക്കാറിനെ ഊരാക്കുരുക്കിലാക്കുമ്പോൾ ചോദ്യങ്ങൾ അവഗണിച്ചും പ്രതികരണങ്ങൾ നിയന്ത്രിച്ചും വിവാദം നിശ്ശബ്ദമാക്കാൻ സി.പി.എം. സർക്കാറിനെ തകർക്കാനുള്ള നീക്കമെന്ന പൊതുനിലപാടിനപ്പുറം മറ്റ് പരാമർശങ്ങളൊന്നും വേണ്ടതില്ലെന്നാണ് ധാരണ. പി.ആർ ഏജൻസിയുടെ ഇടപെടലിൽ ഗൂഢാലോചന ആരോപിച്ചാൽ അന്വേഷണം പ്രഖ്യാപിക്കേണ്ടിവരും. ഇത് മുന്നിൽകണ്ടാണ് സർവത്ര ആശയക്കുഴപ്പം നിലനിൽക്കുമ്പോഴും അന്വേഷണത്തിന് മുതിരാതെ ഇതേക്കുറിച്ച ചോദ്യങ്ങളിൽനിന്നെല്ലാം മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തന്ത്രപരമായി ഒഴിഞ്ഞുമാറിയത്.
മലപ്പുറത്തെക്കുറിച്ച് ഗുരുതര പരാമർശങ്ങൾ വന്നതിൽ കേസെടുക്കുമോ എന്ന കാര്യം വാർത്തസമ്മേളനത്തിൽ ആവർത്തിച്ചെങ്കിലും ‘ഞങ്ങൾക്ക് അതേപ്പറ്റി അന്വേഷിക്കേണ്ട ആവശ്യമില്ല, എല്ലാം പറഞ്ഞുകഴിഞ്ഞു’ എന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി ഇക്കാര്യം അടിവരയിടുന്നു.
പാർട്ടി ബന്ധുവായതിനാൽ ആലപ്പുഴയിലെ സി.പി.എം നേതാവ് ടി.കെ. ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യനെ തള്ളിപ്പറയില്ല. വിവാദ പരാമർശങ്ങൾ സുബ്രഹ്മണ്യന് നൽകിയതാര് എന്നതിലും അന്വേഷണമുണ്ടാകില്ല. അത്തരം കാര്യങ്ങളെക്കുറിച്ച ചർച്ചകൾതന്നെ നിശ്ശബ്ദമാക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ മാസപ്പടി വിവാദമുയർന്ന ആദ്യഘട്ടത്തിൽ സമാന നിലപാടായിരുന്നു പാർട്ടി സ്വീകരിച്ചത്. ആരോപണങ്ങൾ കനത്തതോടെ മുഖ്യമന്ത്രിക്കുതന്നെ അന്ന് വിശദീകരണവുമായി രംഗത്തിറങ്ങേണ്ടിവന്നു.
അതേസമയം പി.ആർ വിവാദത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ നേതൃത്വം തീരുമാനിച്ചെങ്കിലും പാർട്ടിക്കുള്ളിൽതന്നെ ചോദ്യങ്ങളുയരുന്നുണ്ട്. മാസപ്പടി വിവാദം മുഖ്യമന്ത്രിയുടെ മകൾക്കെതിരായ വ്യക്തിപരമായ കടന്നാക്രമണമെന്ന് ന്യായീകരിക്കാം. എന്നാൽ, മലപ്പുറം ജില്ലക്കെതിരെ ഉയർന്ന ഗുരുതര പരാമർശങ്ങൾ രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. സംഘ്പരിവാർ പ്രശ്നവത്കരിക്കാൻ ശ്രമിക്കുന്ന അജണ്ടകൾ മുഖ്യമന്ത്രിയുടെ പേരിൽ തിരുകിക്കയറ്റിയതാണ് രണ്ടാമത്തേത്.
കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ കണ്ണൂരിൽനിന്നുള്ള മുതിർന്ന നേതാവടക്കം മൂന്നുപേർ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങളിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സ്ഥിതി സംബന്ധിച്ച് എം.വി. ഗോവിന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചതിനുശേഷം നടന്ന ചർച്ചയിലായിരുന്നു വിമർശനങ്ങൾ. ‘ഹിന്ദു’വിന്റെ വിശദീകരണം വന്നതോടെ സർക്കാറിന് ക്ഷീണം കൂടുകയല്ലേ ചെയ്തതെന്നാണ് ഒരു നേതാവ് ചോദിച്ചത്.
മലപ്പുറം ജില്ലയെക്കുറിച്ച് വന്ന തെറ്റായ പരാമർശത്തിന്റെ ഉത്തരവാദി ആരെന്നതും ചർച്ചയിലുയർന്നു. മുഖ്യമന്ത്രി സ്ഥിതിഗതികൾ വിശദീകരിച്ചു. പി.ആർ ഇല്ലെന്ന് ഒറ്റ വാചകത്തിൽ പറഞ്ഞു. സർക്കാറിന്റെ പ്രതിച്ഛായ മോശമാക്കാൻ ആസൂത്രിതനീക്കം നടക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.