Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2020 9:45 PM IST Updated On
date_range 31 Oct 2020 9:45 PM ISTഐക്യകേരളപ്പിറവി ആശംസിച്ച് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: മലയാളികൾക്ക് കേരളപ്പിറവി ദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മഹാമാരിയുടെ കരിനിഴലിലായിപ്പോയതിനാൽ ഇത്തവണ വിപുലമായ ആഘോഷങ്ങളില്ല. എങ്കിലും ഭാഷയ്ക്കും സംസ്കാരത്തിനും സംസ്ഥാനത്തിനും വേണ്ടി നമ്മള്‍ നമ്മെ തന്നെ പുനരര്‍പ്പണം ചെയ്യുന്ന സന്ദര്‍ഭമായി ഈ കേരളപ്പിറവി നാം മനസ്സുകൊണ്ട് ആചരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി രംഗങ്ങളില്‍ മാതൃകാസ്ഥാനത്തെത്താന്‍ കേരളത്തിന് കഴിഞ്ഞതിലുള്ള സന്തോഷം നമുക്ക് ഒരുമിച്ചു പങ്കിടാം. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് മുമ്പോട്ടുപോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആശംസാക്കുറിപ്പ് വായിക്കാം...
ഐക്യകേരളത്തിന് നാളെ അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളം ആയി രൂപപ്പെട്ടതും 1956 നവംബര്‍ ഒന്നിനാണ്. അതിന്‍റെ ഓര്‍മ നമ്മില്‍ സദാ ജീവത്തായി നിലനില്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ കോവിഡ് 19 എന്ന മഹാമാരിയുടെ കരിനിഴലിലായിപ്പോയി നമ്മുടെ ഇത്തവണത്തെ കേരളപ്പിറവി. അതുകൊണ്ടുതന്നെ വിപുലമായ ആഘോഷങ്ങളില്ല. എങ്കിലും ഭാഷയ്ക്കും സംസ്കാരത്തിനും സംസ്ഥാനത്തിനും വേണ്ടി നമ്മള്‍ നമ്മെ തന്നെ പുനരര്‍പ്പണം ചെയ്യുന്ന സന്ദര്‍ഭമായി ഈ കേരളപ്പിറവി നാം മനസ്സുകൊണ്ട് ആചരിക്കുകയാണ്. ഐക്യകേരളപ്പിറവിയിലേക്കു നയിച്ച പ്രമുഖ സാമൂഹിക ധാര നവോത്ഥാനത്തിന്‍റേതായിരുന്നു. സാമൂഹികാനാചാരങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി ആ നവോത്ഥാന ധാരയെ നമുക്കു മുമ്പോട്ടുകൊണ്ടുപോകേണ്ടതുണ്ട്. എല്ലാ വിധ വേര്‍തിരിവുകള്‍ക്കുമതീതമായ, എല്ലാവിധ ഉച്ചനീചത്വങ്ങള്‍ക്കും അതീതമായ മലയാളിയുടെ ഒരുമ. അതാവണം നമ്മുടെ ലക്ഷ്യം. വിവിധങ്ങളായ മിഷനുകളുടെയും നവകേരള നിര്‍മിതിയുടെയും മഹത്തായ ആശയങ്ങളെ കൂടുതല്‍ ഊര്‍ജസ്വലമായി പ്രായോഗികമാക്കുക എന്നതാവണം നമ്മുടെ കടമ. കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്കരണം, വിദ്യാഭ്യാസ നിയമം എന്നിവയിലൂടെ കേരളത്തിന്‍റെ മുഖച്ഛായ തന്നെ നമ്മള്‍ ഏറെ മാറ്റി. ഇതുകൊണ്ടുമാത്രമായില്ല. സമഗ്രമായ വികസനമുണ്ടാകണം. അതിനായാണ് പച്ചക്കറികൃഷിക്കും ശുചിത്വത്തിനും സമ്പൂര്‍ണ ഭവനനിര്‍മാണത്തിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസ നവീകരണത്തിനുമൊക്കെ പ്രത്യേക മിഷനുകളുമായി സര്‍ക്കാര്‍ മുമ്പോട്ടുപോകുന്നത്. അഞ്ചുലക്ഷത്തില്‍ പരം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് പുനരാകര്‍ഷിക്കപ്പെട്ടതും നാല്‍പത്തിയ്യായിരത്തിലധികം ക്ലാസ് മുറികള്‍ ഹൈടെക്ക് ആയതും രണ്ടേകാല്‍ ലക്ഷത്തിലധികം ഭവനരഹിതര്‍ ഭവന ഉടമകളായതും മറ്റും പ്രളയം മുതല്‍ മഹാമാരിവരെയുള്ള പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നാം ഉണ്ടാക്കിയ നേട്ടങ്ങളാണ്. കേരളത്തിന്‍റെ ചരിത്രത്തില്‍ അത് എന്നും തിളങ്ങിനില്‍ക്കുക തന്നെ ചെയ്യും. കേരളത്തിലെ ഏതാണ്ട് 97 ശതമാനം പേരുടെയും മാതൃഭാഷ മലയാളമാണ് എന്നിരിക്കെ ഭരണഭാഷ അതുതന്നെയാവണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധമുണ്ട്. മാതൃഭാഷയെ എല്ലാ അര്‍ത്ഥത്തിലും എല്ലാ തലങ്ങളിലും പൂര്‍ണമായി അധ്യയനഭാഷയാക്കാന്‍ കഴിയണം, ഭരണഭാഷയാക്കാന്‍ കഴിയണം, കോടതി ഭാഷയാക്കാന്‍ കഴിയണം. സംസ്കാരത്തെ നമുക്ക് വീണ്ടെടുത്തു ശക്തിപ്പെടുത്താന്‍ കഴിയണം. 'ഹാ വരും വരും നൂനം അദ്ദിനം; എന്‍ നാടിന്‍റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും' എന്ന കവിതയിലെ പ്രതീക്ഷ പ്രാവര്‍ത്തികമാക്കാന്‍ നമുക്കു കഴിയട്ടെ. കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുന്ന ഒരു ജനത എന്ന നിലയ്ക്കു മലയാളക്കരയെ, ഇവിടുത്തെ ആള്‍ക്കാരെ ലോകം കാണുന്ന ഒരു കാലമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഈ ഘട്ടത്തില്‍ നിരവധി രംഗങ്ങളില്‍ കേരളത്തിന് മാതൃകാസ്ഥാനത്തെത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം നമുക്ക് ഒരുമിച്ചു പങ്കിടാം. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് മുമ്പോട്ടുപോകാം. എല്ലാവര്‍ക്കും എന്‍റെ ഐക്യകേരളപ്പിറവി ആശംസകള്‍ !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story