മുഖ്യമന്ത്രിയുടെ വിരുന്നിൽ സഭയുമായി മഞ്ഞുരുക്കം; ക്രൈസ്തവ മേലധ്യക്ഷന്മാർ വിരുന്നിൽ പങ്കെടുത്തു
text_fieldsതിരുവനന്തപുരം: കെ.സി.ബി.സി അധ്യക്ഷൻ ഉൾപ്പെടെ ക്രൈസ്തവ മേലധ്യക്ഷന്മാർ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്, പുതുവത്സര വിരുന്നില്‍ പങ്കെടുത്തതോടെ ഇരുവിഭാഗത്തിനുമിടയിലെ തർക്കത്തിന് മഞ്ഞുരുക്കം.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനെതിരെ മന്ത്രി സജി ചെറിയാൻ ഉന്നയിച്ച വിമർശത്തിൽ വാഗ്വാദം തുടരുന്നതിനിടെയാണ് കെ.സി.ബി.സി അധ്യക്ഷൻ മേജർ ആർച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അടക്കമുള്ള ക്രൈസ്തവ മേലധ്യക്ഷന്മാർ വിരുന്നിൽ പങ്കെടുത്തത്. മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിനിടെ മന്ത്രി സജി ചെറിയാന് കാതോലിക്കാബാവയുടെ അടുത്തെത്തി സംസാരിക്കുകയും ചെയ്തു.
ബിഷപ്പുമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ടു മന്ത്രി നടത്തിയ പ്രതികരണത്തിലെ ‘വീഞ്ഞ്, കേക്ക്, രോമാഞ്ചം’എന്നീ വാക്കുകൾ വിവാദമായതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രിയെ തള്ളിയിരുന്നു.
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന പിൻവലിക്കുന്നതു വരെ സംസ്ഥാന സർക്കാറുമായി ഒരു കാര്യത്തിലും സഹകരിക്കില്ലെന്ന് കാതോലിക്കാബാവയും പ്രതികരിച്ചു. ക്രൈസ്തവ വിഭാഗങ്ങളെ കൂടുതലായി അടുപ്പിക്കുകയെന്ന ഉദ്ദേശ്യം കൂടിയുള്ള മുഖ്യമന്ത്രിയുടെ വിരുന്ന് കെ.സി.ബി.സി ബഹിഷ്കരിച്ചേക്കുമെന്ന നിലയിലാണ് മന്ത്രി സജി ചെറിയാൻ തന്റെ വിവാദ പരാമർശം പിൻവലിക്കാൻ തയാറായത്. എന്നാൽ, പ്രധാനമന്ത്രി നൽകിയ വിരുന്നിൽ മണിപ്പൂർ കലാപത്തെക്കുറിച്ച് മേലധ്യക്ഷർ പ്രതികരിക്കേണ്ടതായിരുന്നുവെന്ന നിലപാടിൽ മാറ്റമില്ലെന്നും പുരോഹിതർ വിരുന്നിന് പോയതല്ല പ്രശ്നം, മറിച്ച് പറയേണ്ടത് പറയാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബി.ജെ.പി നേതാക്കൾക്കും ക്ഷണമുണ്ടായിരുന്നെങ്കിലും മുസ്ലിം ലീഗിലെ പി.വി. അബ്ദുൽ വഹാബ് എം.പി മാത്രമാണ് പങ്കെടുത്തത്. വിരുന്ന് ബഹിഷ്കരണം സംബന്ധിച്ച് യു.ഡി.എഫ് ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിരുന്നില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.