ഭരണ ധൂർത്തിനും മുഖ്യമന്ത്രിയുടെ പി.ആർ പ്രവർത്തനങ്ങൾക്കും ദരിദ്ര വിഭാഗങ്ങളുടെ അവകാശങ്ങൾ കവരുന്നു -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി ധൂർത്തും ദുർവ്യയവും കെടുകാര്യസ്ഥതയും മൂലം വരുത്തിവെച്ചതാണെന്നും പട്ടികജാതി വിദ്യാർഥികളുടെ സ്കോളർഷിപ്പ് തടഞ്ഞുവെക്കുന്നത് അനുവദിക്കില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി വിദ്യാർഥികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന കാര്യമാണ് സ്കോളർഷിപ്പ് നിഷേധം. ഫീസ് നൽകാൻ കഴിയാത്തതിനാൽ വിദ്യാർഥികൾക്ക് തുടർപഠനത്തിനുള്ള സാധ്യത പോലും ഇല്ലാതാവുകയാണ്. പട്ടികജാതി വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി പ്രവർത്തിക്കുന്ന പട്ടികജാതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും മുന്നാക്ക വിഭാഗങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള സ്ഥലമായി മാറിക്കഴിഞ്ഞു.
പട്ടികജാതി വിഭാഗത്തിന്റെ സാമൂഹിക പിന്നാക്കാവസ്ഥയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടാനാണ് ഇടതു സർക്കാർ ആഗ്രഹിക്കുന്നത്. ഭരണ ധൂർത്തിനും മുഖ്യമന്ത്രിയുടെ പി.ആർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സമൂഹത്തിലെ ദരിദ്ര ജനവിഭാഗങ്ങളുടെ അവകാശങ്ങളെയാണ് ഇടതു സർക്കാർ കവർന്നെടുക്കുന്നത്. ഹോസ്റ്റൽ ഫീ ഇനത്തിൽ കഴിഞ്ഞ വർഷം നൽകേണ്ടിയിരുന്ന തുക ലഭിക്കാത്തതിനാൽ നിരവധി വിദ്യാർഥികളുടെ തുടർപഠനം പ്രതിസന്ധിയിലാണ്.
സർക്കാറിന് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനകാര്യ മന്ത്രി ആവർത്തിക്കുമ്പോഴും മുഖ്യമന്ത്രിക്ക് ഉപദേശകരെ സൃഷ്ടിക്കാനും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം വർധിപ്പിക്കാനും സർക്കാർ അനിയന്ത്രിതമായി കടം വാങ്ങുന്ന ദുരവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ മുൻ കരുതലോ ആലോചനയോ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നില്ല എന്നതാണ് സ്കോളർഷിപ്പ് തടഞ്ഞു വെക്കുന്നതിലൂടെ മനസ്സിലാക്കുന്നത്. സാധാരണ നൽകിവരുന്ന വിവിധതരം ക്ഷേമ പെൻഷനുകൾ പോലും ജനങ്ങൾക്ക് തടയപ്പെട്ട അവസ്ഥയാണ്. സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും റദ്ദ് ചെയ്യുന്ന പിണറായി സർക്കാറിന്റെ അനീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.