ദുരിതാശ്വാസനിധി കേസ്: മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനത്തിൽ ഇടപെടാനില്ലെന്ന് ലോകായുക്ത
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം സംബന്ധിച്ച് മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് ലോകായുക്ത. ദുരിതാശ്വാസനിധി കേസ് പരിഗണിക്കുന്നതിനിടെയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ്, ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. പൊതുസേവകൻ എന്ന നിർവചനത്തിൽ മന്ത്രിസഭ ഉൾപ്പെടില്ലെന്നും ലോകായുക്ത ഓർമിപ്പിച്ചു.
മന്ത്രിസഭയുടെ തീരുമാനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലാണ് ഡിവിഷൻ ബെഞ്ചിൽ ഭിന്നാഭിപ്രായമുണ്ടായത്. വ്യത്യസ്ത മന്ത്രിമാർ ചേർന്നതാണ് മന്ത്രിസഭ. മന്ത്രിസഭയുടെ തീരുമാനത്തിന് കൂട്ടുത്തരവാദിത്തമാണുള്ളത്. അതിൽ മുഖ്യമന്ത്രിക്കോ ഏതെങ്കിലും മന്ത്രിക്കോ പ്രത്യേക ഉത്തരവാദിത്തമില്ലെന്ന് ലോകായുക്ത വ്യക്തമാക്കി.
ഇതോടെ, വാദിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ് പരാതിക്കാരന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദം നിർത്തി. ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദിനെതിരെ വ്യക്തിപരമായ പരാമർശങ്ങളുമുണ്ടായി. താൻ പറയുന്നത് ഇഷ്ടപ്പെടാത്തതിനാൽ ഹരജിക്കാരൻ വളച്ചൊടിച്ച് വാദിക്കുകയാണെന്നും പറയുന്നത് ഇഷ്ടമാകുന്നില്ലെങ്കിൽ മിണ്ടാതിരിക്കാമെന്നും ഉപലോകായുക്ത പറഞ്ഞു. ജഡ്ജിമാരെക്കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ലെന്ന് ലോകായുക്ത പരാതിക്കാരനെ ഓർമിപ്പിച്ചു.
ഹരജി ലോകായുക്തയുടെ പൂർണ ബെഞ്ചിന് വിട്ടശേഷം ആദ്യമായാണ് വാദം കേട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കേസ് പരിഗണിച്ചപ്പോഴെല്ലാം ഹൈകോടതിയിലെ ഹരജി ചൂണ്ടിക്കാട്ടി പരാതിക്കാരൻ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹരജി ഹൈകോടതി തള്ളിയതോടെയാണ് വാദം കേൾക്കലുമായി സഹകരിക്കാൻ പരാതിക്കാരൻ തയാറായത്.
പുതിയൊരാൾ ഉൾപ്പെട്ട ബെഞ്ചായതിനാൽ ആദ്യം മുതൽ വാദം കേൾക്കണമെന്ന് ഓർമിപ്പിച്ചാണ് ലോകായുക്ത നടപടികൾ ആരംഭിച്ചത്. വിശദവാദം ഡിവിഷൻ ബെഞ്ചിന് മുന്നിൽ നിരത്തിയതിനാൽ ഇനിയതിന്റെ ആവശ്യമില്ലെന്നായിരുന്നു പരാതിക്കാരന്റെ വാദം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.