വിജയനും സതീശനും തമ്മിൽ വ്യത്യാസമുണ്ട്; പ്രതിപക്ഷം പറയുന്നത് അടിസ്ഥാന വിരുദ്ധമായ കാര്യങ്ങൾ -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ടെന്നും പ്രതിപക്ഷ നേതാവിനെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ദല്ലാൾ നന്ദകുമാർ തന്നെ വന്നുകണ്ടു എന്നത് കെട്ടിച്ചമച്ച കഥയാണ്. മുമ്പ് ദല്ലാൾ നന്ദകുമാറിനെ ഇറക്കി വിട്ട ആളാണ് താൻ. സോളാർ കേസ് സംബന്ധിച്ച പരാതി വരുന്നത് അധികാരത്തിൽവന്ന് മൂന്ന് മാസം കഴിഞ്ഞിട്ടാണ്. സോളാർ കേസ് രാഷ്ട്രീയമായി കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം ദിവസം ദല്ലാൾ അടക്കം എന്റെ അടുത്തുവന്ന് പരാതിനൽകി എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരള ഹൗസിൽ വെച്ച് ഞാൻ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ എന്റെയടുത്ത് ദല്ലാൾ വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞ ആളാണ് ഞാൻ. അത് സതീശൻ പറയുമോ എന്നറിയില്ല. മുഖ്യമന്ത്രിയായപ്പോൾ ദല്ലാൾ എന്റെ അടുത്ത് വന്നുവെന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. അങ്ങനെ അടുത്ത് വരാൻ അത്രപെട്ടെന്ന് ഒരു മാനസിക നില അദ്ദേഹത്തിന് ഉണ്ടാകും എന്ന് തോന്നുന്നില്ല'-മുഖ്യമന്ത്രി പറഞ്ഞു.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം അവതരിപ്പിക്കാൻ ശ്രമിച്ചത് വസ്‍തുത വിരുദ്ധമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.