സർക്കാറിന് ഒന്നും ഒളിക്കാനില്ല; അധികാരപരിധി ഓർമപ്പെടുത്തി ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി
text_fieldsതിരുവനന്തപുരം: അഭിമുഖ വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന് ഒന്നും ഒളിക്കാനില്ലെന്ന് വ്യക്തമാക്കുന്ന കത്തിൽ മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണറുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
ഗവർണറുടെ ഭരണഘടനാ പരിധിയും മുഖ്യമന്ത്രിയുടെ കത്തിൽ ഓർമപ്പെടുത്തി. സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം തന്നെയാണെന്നും രാജ്യവിരുദ്ധ ശക്തികൾ അവസരം മുതലാക്കുന്നതിനെക്കുറിച്ചാണ് താൻ നേരത്തേ പറഞ്ഞതെന്നും കത്തിൽ പറയുന്നു. ‘സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണു പറഞ്ഞത്. പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുത്. മറുപടി നൽകാൻ കാലതാമസം ഉണ്ടായത് വിവരങ്ങൾ ശേഖരിക്കാനാണ്.’ -മുഖ്യമന്ത്രി വ്യക്തമാക്കി.
സെപ്റ്റംബർ 30ന് ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തെ സംബന്ധിച്ച യഥാർഥ വസ്തുതകൾ, ഒക്ടോബർ എട്ടിന് എഴുതിയ കത്തിൽ വിശദമാക്കിയിട്ടുണ്ട്. സ്വർണക്കടത്ത് വഴി ലഭിക്കുന്ന പണം നിരോധിത സംഘടനകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി കേരള പൊലീസിന്‍റെ വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറയുന്നു. 1949 ഒക്ടോബർ 11നാണ് ഭരണഘടനാ അസംബ്ലി ഗവർണറുടെയും മന്ത്രിസഭയുടെയും അധികാരവും പങ്കും സംബന്ധിച്ച് ചർച്ച ചെയ്യുകയും വോട്ടിനിടുകയും ചെയ്തതെന്നും ഗവർണറെ ഓർമപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.