മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശം; എറണാകുളം ഡി.സി.സി പ്രസിഡന്റ് സമർപ്പിച്ച സ്വകാര്യ അന്യായം കോടതി ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: നവകേരള സദസ്സിലെ മുഖ്യമന്ത്രിയുടെ വിവാദ രക്ഷാപ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രി പിണറിയി വിജയനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ സ്വകാര്യ അന്യായം കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാദം കേൾക്കുക. എന്നാൽ മുഖ്യമന്ത്രിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്നും കേസ് നിലനിൽക്കില്ലെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കേസ് നിലനിൽക്കുമെന്നും പൊലീസ് റിപ്പോർട്ട് തള്ളണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.
കല്യാശേരിയിലൂടെ കടന്നുപോയ നവകേരള ബസിന് നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതിന്റെ അടുത്ത ദിവസമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ മർദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഈ പ്രസ്താവന തുടർന്നുള്ള കുറ്റകൃത്യങ്ങൾക്ക് പ്രേരണ നല്‍കുന്നതാണെന്നായിരുന്നു എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായത്തിലെ ആക്ഷേപം. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 109 വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നാണ് മുഹമ്മദ് ഷിയാസിൻ്റെ ആവശ്യം.
കല്യാശേരി മണ്ഡലത്തിലെ നവകേരള സദസ്സിൽ പങ്കെടുത്ത് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ എരുപുരം കെ.എസ്.ഇ.ബി ഓഫീസിന് സമീപത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ രക്ഷാപ്രവർത്തന പരാമർശം.
'ഞാൻ കണ്ടു കൊണ്ടിരിക്കുകയല്ലേ… എന്താണ് നടക്കുന്നത്? ഒരാൾ ഇതിന്റെ മേലെ ചാടിവരികയാണ്. ചില ചെറുപ്പക്കാർ പിടിച്ചു മാറ്റുന്നുണ്ട്. തള്ളി മാറ്റുന്നുണ്ട്. അത് ജീവൻ രക്ഷിക്കാനല്ലേ? ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ ചാടി വരുമ്പോ ബലം പ്രയോഗിച്ചു തന്നെ മാറ്റണമല്ലോ? ആ മാറ്റലാണ് നടക്കുന്നത്. വേദന പറ്റുമോ എന്ന് നോക്കിയിട്ട് കാര്യമില്ല. തീവണ്ടി വരുന്നു. ഒരാൾ പോയി അവിടെ കിടന്നു.അയാളെ എടുത്തങ്ങ് എറിയില്ലേ ചിലപ്പോ.ആ ജീവൻ രക്ഷാ രീതിയാണ് ഡി.വൈ.എഫ്.ഐയും സ്വീകരിച്ചത്. അത് മാതൃകാപരമായിരുന്നു. അതു തുടരണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.