മുഖ്യമന്ത്രിയുടെ രാജി: പ്രതിഷേധത്തിരയായി കോൺഗ്രസ് മാർച്ച്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസന്വേഷണം സി.ബി.ഐക്ക് വിടുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
എം.എല്‍.എ ഹോസ്റ്റലിന് മുന്നിലെ ആശാൻ സ്ക്വയറില്‍നിന്ന് രാവിലെ ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി സമരം ഉദ്ഘാടനം ചെയ്തു. ഭരണതലത്തില്‍ നടക്കുന്ന അഴിമതികളെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും പരസ്യമായി ഭരണകക്ഷി എം.എൽ.എ തന്നെ ചോദ്യംചെയ്യുന്ന ഗതികെട്ട അവസ്ഥയിലാണ് ഇടത് സർക്കാറെന്ന് അവർ പറഞ്ഞു.
ക്രിമിനൽ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയും സി.പി.എമ്മും സംരക്ഷിക്കുന്നു. ഹിന്ദി സിനിമകളിലെ വില്ലനെപ്പോലെയാണ് എ.ഡി.ജി.പി അജിത് കുമാര്‍. ഈ ഉദ്യോഗസ്ഥന്‍ നടത്തുന്ന എല്ലാ നിയമവിരുദ്ധ പ്രവൃത്തികള്‍ക്കും മുഖ്യമന്ത്രി പൂർണ സംരക്ഷണം ഒരുക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
കാക്കിയുടെ വിലയറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അമിതാധികാരം പ്രയോഗിച്ചാല്‍ വെറുതെ വിടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്‌കോട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന പൊലീസിനെയാണ് ഏറാന്‍മൂളികളുടെ സംഘമാക്കി മാറ്റിയത്. നല്ല പൊലീസുകാരെ കൂടി പറയിപ്പിക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹന്‍, വി.കെ. അറിവഴകന്‍, മന്‍സൂര്‍ അലിഖാന്‍, കെ.പി.സി.സി സംഘടന ജനറല്‍ സെക്രട്ടറി എം. ലിജു തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.