‘തിരക്കിൽ ആളുകളുടെ കൈ കൺസോളിൽ തട്ടിയാണ് ശബ്ദം കൂടിയത്’; മുഖ്യമന്ത്രിയുടെ മൈക്ക് തകരാറിലായതിൽ മൈക്കുടമ
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ മൈക്കിന്റെ ശബ്ദം തടസപ്പെട്ടതിന് കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി മൈക്കുടമ രഞ്ജിത്. തിരക്കിൽ ആളുകളുടെ കൈ കൺസോളിൽ തട്ടിയാണ് ശബ്ദം കൂടിയതെന്നും 10 സെക്കൻഡിനുള്ളിൽ ഓപറേറ്റർ തകരാർ പരിഹരിച്ചെന്നും രഞ്ജിത് പറഞ്ഞു.
മൈക്കിന്‍റെ കൺസോൾ വെച്ചിരുന്നത് സ്റ്റേജിന്‍റെ വലതു വശത്തെ നടക്ക് സമീപമായിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ കാമറമാൻ അടക്കമുള്ളവർ കേബിളിൽ ചവിട്ടുകയുണ്ടായി. ബാഗ് തട്ടി കൺസോളിന്‍റെ ശബ്ദം കൂടിയപ്പോഴാണ് ഹൗളിങ് ഉണ്ടായത്. തിരക്കിടയിൽ കൺസോളിന്‍റെ സമീപമെത്താൻ ഓപറേറ്റർക്ക് 10 സെക്കൻഡ് സമയം വേണ്ടിവന്നു.
പരിപാടികൾക്കിടയിൽ ഹൗളിങ് സാധാരണമാണ്. കന്‍റോൺമെന്‍റ് സി.ഐ വിളിച്ചപ്പോഴാണ് കേസെടുത്ത വിവരം അറിയുന്നത്. വിദഗ്ധ പരിശോധന നടത്തിയ ശേഷം മൈക്ക് അടക്കമുള്ള സാധനങ്ങൾ തിരികെ തരാമെന്നാണ് പൊലീസ് പറഞ്ഞത്.
17 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി അടക്കം നിരവധി വി.ഐ.പികൾക്ക് മൈക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹൗളിങ്ങിന്‍റെ പേരിൽ ഇത്തരത്തിൽ കേസ് ആദ്യമാണെന്നും രഞ്ജിത് വ്യക്തമാക്കി.
അയ്യൻകാളി ഹാളില്‍ തിങ്കളാഴ്ച കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചപ്പോൾ മൈക്കിന്റെ ശബ്ദം തടസപ്പെട്ടതിന് കന്റോമെന്‍റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരള പൊലീസ് ആക്ടിലെ 118 ഇ വകുപ്പ് പ്രകാരമാണ് (പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതുസുരക്ഷയെ ബാധിക്കുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍) കേസെടുത്തത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് മൈക്കിന് സാങ്കേതിക തകരാർ ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.