ആശാ വർക്കർമാരുടെ സമരം ഒത്തുതീരാത്തതിനു പിന്നിൽ മുഖ്യമന്ത്രിയുടെ പിടിവാശി- ചെന്നിത്തല
text_fieldsതിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) സംസ്ഥാന ഘടകവുമായി ആശാ വർക്കർമാർ നടത്തിയ ചർച്ച പരാജയപ്പെടാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല. 38 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴിൽ ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരപ്പന്തലിലേക്ക് ഒരിക്കൽ പോലും ഒന്നു തിരിഞ്ഞു നോക്കാൻ പിണറായി കൂട്ടാക്കിയില്ല.
അവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തിയിരുന്നെങ്കിൽ പരിഹരിക്കാവുന്ന പ്രശ്നത്തെ നിസാരവൽക്കരിച്ചും പരിഹസിച്ചും അദ്ദേഹം അവഗണിക്കുകയാണു ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആശാ വർക്കർമാരുടെ പ്രശ്നം സംസാരിച്ചതേയില്ല. ഇക്കാര്യം പാർലമെന്റിലുന്നയിച്ച യു.ഡി.എഫ് എം.പിമാരോട് സംസ്ഥാന സർക്കാരാണ് ആശാവർക്കരമാരെ കൈയൊഴിഞ്ഞതെന്നു കേന്ദ്ര സർക്കാർ ധരിപ്പിച്ചിരുന്നു.
എന്നിട്ടു പോലും കേന്ദ്രത്തെ പഴിച്ചു കൈ കഴുകുന്ന മുഖ്യമന്ത്രി യഥാർഥ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുകയാണ്. എൻ.എച്ച്.എം കേരളാ ഘടകത്തിന്റെ ഓഫീസിൽ നടന്ന ചർച്ചയിൽ ആശാ വർക്കർമാർ മുന്നോട്ടുവെച്ച കാര്യങ്ങളൊന്നും ചർച്ച ചെയ്തതേയില്ല. എന്നിട്ടും മുഖ്യമന്ത്രി അനങ്ങാപ്പാറ നയം തുടരുകയാണ്. കോവിഡ് മഹാമാരിക്കാലത്തും നിപ്പാ കാലത്തും പ്രളയകാലത്തും കേരളത്തിനു കൈത്താങ്ങായവരാണ് ആശാ വർക്കർമാർ.
അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാനും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നു കിട്ടാനുള്ള ആനുകൂല്യങ്ങൾ ചോദിച്ചു വാങ്ങാനും മുഖ്യമന്ത്രിയാണു മുൻകൈ എടുക്കേണ്ടത്. എന്നാൽ, കേന്ദ്ര സർക്കാരിനെ പിണക്കാൻ മടിക്കുന്ന പിണറായി വിജയൻ ആശാവർക്കർമാരുടെ ജീവിത ദുരിതവും സമരാഗ്നിയും കണ്ടില്ലെന്നു നടിക്കുകയാണ്. നിസ്സഹായരായ ഈ അമ്മമാരുടെയും സഹോദരിമാരുടെയും പ്രതിഷേധാഗ്നിയിൽ പിണറായി സർക്കാർ ഉരുകിത്തീരുമെന്നും അത് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വീണ ജോർജിനെ ആശാവർക്കർമാരുമായി ചർച്ചക്ക് നിയോഗിച്ചത് പ്രഹസനമാണ്. മുഖ്യമന്ത്രിക്കു സമര നേതാക്കളെ അഭിമുഖീകരിക്കാനുള്ള കരളുറപ്പില്ല. അതുകൊണ്ടാണ് സമരക്കാർ ഉന്നയിക്കുന്ന ഒരാവശ്യത്തോടു പോലും അനുഭാവം പുലർത്താതെ സമരം പിൻവലിക്കാൻ ആരോഗ്യമന്ത്രി നിർദേശിച്ചത്. എന്നാൽ, ഇത്തരം നാണംകെട്ട നിലപാടുകളോട് ആശാവർക്കർമാർ യോജിക്കില്ല. സമരം ശക്തിപ്പെടുത്താനുള്ള അവരുടെ തീരുമാനത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ചെന്നിത്തല അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.