ചീഫ് സെക്രട്ടറി, പൊലീസ് മേധാവി നിയമനങ്ങൾ അടുത്ത മന്ത്രിസഭയിൽ
text_fieldsതിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി നിയമനങ്ങൾ അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കും. ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയുടെ ഔദ്യോഗിക കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ്. നിയമനങ്ങൾ ബുധനാഴ്ച മന്ത്രിസഭ യോഗത്തിൽ വരുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി. വേണുവിനെയാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്കു പ്രധാനമായും പരിഗണിക്കുന്നതെന്നാണ് വിവരം.
ഡി.ജി.പി അനിൽ കാന്ത് നേരത്തേ സർവിസിൽനിന്ന് വിരമിച്ചെങ്കിലും സർവിസ് നീട്ടി നൽകിയിരുന്നു. ഈ കാലാവധി ജൂൺ 30ന് തീരും. പൊലീസ് മേധാവി പദവിയിലേക്ക് ജയിൽ ഡി.ജി.പി കെ. പത്മകുമാർ, ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ ഹരിനാഥ് മിശ്ര എന്നിവരാണ് യു.പി.എസ്.സി അംഗീകരിച്ച് സംസ്ഥാനത്തിന് നൽകിയിട്ടുള്ള പട്ടികയിലുള്ളത്. ഇതിൽ ഒരാളെ മുഖ്യമന്ത്രിതന്നെ തെരഞ്ഞെടുത്ത ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിന് കൊണ്ടുവരുന്നതാണ് രീതി.
വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ഓൺലൈനായാണ് മന്ത്രിസഭ യോഗം ചേർന്നത്. ക്ലിഫ് ഹൗസിലിരുന്ന് പങ്കെടുത്ത മുഖ്യമന്ത്രി, തന്റെ സുഖമില്ലായ്മ മൂലമാണ് യോഗം ഓൺലൈനായി നടത്തേണ്ടി വന്നതെന്ന് ആമുഖമായി പറഞ്ഞു. ഓൺലൈനിലായതിനാൽ പ്രധാന അജണ്ടകൾ മാത്രമാണ് യോഗം പരിഗണിച്ചത്. എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെട്ട വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവാദങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ ചർച്ചയായെങ്കിലും യോഗത്തിൽ ചർച്ചക്ക് വന്നില്ല. മാധ്യമ പ്രവർത്തകർക്കെതിരെയും പ്രതിപക്ഷ നേതാക്കൾക്കെതിരെയും എടുത്ത കേസുകൾ സംബന്ധിച്ചും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പരാമർശമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.