എൻ.പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ; സസ്പെൻഷന് ശേഷം മാധ്യമങ്ങളെ കണ്ടത് ചട്ട ലംഘനം
text_fieldsതിരുവനന്തപുരം: സസ്പെൻഡ് ചെയ്യപ്പെട്ട കൃഷി വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ. സസ്പെൻഷനുള്ള കാരണങ്ങളാണ് മെമ്മോയിലുളളത്. അഡി.ചീഫ് സെക്രട്ടറി എ. ജയതിലകിനെ വിമർശിച്ചതിനാണ് സസ്പെൻഷൻ ലഭിച്ചത്. 30 ദിവസത്തിനകം മെമ്മോക്ക് വിശദീകരണം നൽകണമെന്നാണ് നിർദേശം.
ഇന്നലെ വൈകിട്ടാണ് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നൽകിയത്. അഡി.ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മെമ്മോയിൽ പറയുന്നു. സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകി. ഇതും സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മെമ്മോയിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 11നാണ് എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ധന അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ വിമർശിച്ചതിനെ തുടർന്നായിരുന്നു നടപടി. കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ‘ഉന്നതി’ സി.ഇ.ഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ ജയതിലകാണെന്ന് ആരോപിച്ചാണ് പ്രശാന്ത് സമൂഹിക മാധ്യമത്തിൽ നടത്തിയ വിമർശനമാണ് സസ്പെൻഷനുകാരണമായത്. സസ്പെൻഷനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പ്രശാന്തിന്റെ തീരുമാനം.
2008ൽ കോഴിക്കോട് കലക്ടറായിരുന്ന ജയതിലകിനൊപ്പം പ്രബേഷൻ അസി. കലക്ടറായിരുന്നു എൻ. പ്രശാന്ത്. ജയതിലകിനെതിരെ തുടർച്ചയായ മൂന്നു ദിവസമാണ് രൂക്ഷവിമർശനവുമായി പ്രശാന്ത് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ജൂനിയർ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. സ്പൈസസ് ബോർഡ് ചെയർമാനായിരുന്ന ജയതിലകിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സി.ബി.ഐ അഴിമതിവിരുദ്ധ ബ്യൂറോ ശിപാർശ സംബന്ധിച്ച പത്രവാർത്ത സഹിതവും പ്രശാന്ത് വിമർശനം തുടർന്നു. ഈ സാഹചര്യത്തിലാണ് പ്രശാന്തിനെ സസ്പെന്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.