ഐ.ജി വിജയനെ തിരിച്ചെടുക്കണം; അന്വേഷണം തുടരാം
text_fieldsതിരുവനന്തപുരം: ഐ.ജി പി. വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നും സർവിസിൽ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസ്സമാവില്ലെന്നും കാട്ടി വീണ്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയുടെ വിവരങ്ങൾ പുറത്തായതിലൂടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് മേയ് 18നാണ് വിജയനെ സസ്പെൻഡ് ചെയ്തത്.
സസ്പെൻഷന് കാരണമായി ചൂണ്ടിക്കാട്ടിയ ആരോപണങ്ങൾ വിജയൻ നിഷേധിച്ചിരുന്നു. സർക്കാർ നൽകിയ നോട്ടീസിന് ഇക്കാര്യങ്ങൾ രേഖാമൂലം ഉൾപ്പെടുത്തിയാണ് വിജയൻ മറുപടി നൽകിയത്. രണ്ടുമാസത്തിനു ശേഷം നടന്ന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സസ്പെൻഷൻ പുനഃപരിശോധന സമിതി പി. വിജയനെ തിരികെയെടുക്കണമെന്ന് ശിപാർശ നൽകിയിരുന്നു. സസ്പെൻഷൻ നീട്ടാൻ മാത്രമുള്ള തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു ശിപാർശ.
ഇതിനിടെ പി. വിജയന്റെ വിശദീകരണത്തിനു ശേഷം മുഖ്യമന്ത്രിയിൽനിന്ന് ഡി.ജി.പി വീണ്ടും വിശദീകരണം തേടി. വിജയനെതിരായ എ.ഡി.ജി.പിയുടെ ആരോപണങ്ങള്‍ ശരിവെച്ചും പി. വിജയന്റെ വിശദീകരണം തള്ളിയുമായിരുന്നു ഡി.ജി.പിയുടെ മറുപടി. ഈ മറുപടി പരിശോധിച്ചാണ് ചീഫ് സെക്രട്ടറി വീണ്ടും റിപ്പോർട്ട് നൽകിയത്. വകുപ്പുതല അന്വേഷണത്തിൽ ഐ.ജിക്കും അന്വേഷണ ഉദ്യോഗസ്ഥനും വിശദീകരിക്കാനുള്ള അവസരമുണ്ടാകുമെന്നും അപ്പോഴുള്ള കണ്ടെത്തലുകളിൽ വകുപ്പുതല നടപടിയാകാമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. പി. വിജയന്‍റെ സർവിസ് മികവുകൾ കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാണ് ഇനി തീരുമാനമെടുക്കേണ്ടത്.
ഇതു രണ്ടാം തവണയാണ് ഐ.ജിയെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. എലത്തൂർ കേസ് പ്രതിയെ രത്നഗിരിയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. പ്രതിയെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഇയാളുടെ പൊള്ളലേറ്റ ചിത്രവും മറ്റും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. അന്വേഷണ ഭാഗമല്ലാതിരുന്നിട്ടും പ്രതിയെ മുംബൈയിൽനിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി വിജയൻ ബന്ധപ്പെട്ടെന്നാണ് ആരോപണം. രഹസ്യമായി എത്തിക്കേണ്ട പ്രതിയുടെ വിവരം ചോർന്നത് സുരക്ഷാ വീഴ്ചയാണെന്നാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ.
അതേസമയം, ഉന്നത ഉദ്യോഗസ്ഥർക്ക് ഇടയിലെ ചേരിപ്പോരാണ് സസ്പെൻഷന് കാരണമെന്നും താക്കീതിൽ ഒതുക്കാവുന്ന നടപടിയാണ് ഇതെന്നും ആരോപണമുയർന്നിരുന്നു. 1999 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ പി. വിജയൻ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതി തുടങ്ങിയതു മുതൽ അതിന്റെ സംസ്ഥാന നോഡൽ ഓഫിസറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.