പൊലീസ് തലപ്പത്ത് അഴിച്ചുപണി; ക്രൈംബ്രാഞ്ച്, വിജിലൻസ്, ജയിൽ മേധാവികളെ മാറ്റി
text_fieldsതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അന്വേഷണം നിർണായകഘട്ടത്തിൽ എത്തിനിൽക്കെ ക്രൈംബ്രാഞ്ച് മേധാവിയെ ഉൾപ്പെടെ മാറ്റി പൊലീസ് തലപ്പത്ത് നിർണായക അഴിച്ചുപണി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ മാറ്റി ട്രാൻസ്പോർട്ട് കമീഷണറായാണ് നിയമിച്ചത്.
നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പും വെളിപ്പെടുത്തലുകളും പുരോഗമിക്കവെയാണ് മാറ്റം. ജയിൽ വകുപ്പ് മേധാവിയും എ.ഡി.ജി.പിയുമായ ഷെയ്ഖ് ദർവേശ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. വിജിലൻസ് ഡയറക്ടറായിരുന്ന ഡി.ജി.പി സുദേഷ് കുമാറിനെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് ജയിൽ ഡി.ജി.പിയായി മാറ്റി നിയമിച്ചു.
സുേദഷ് കുമാറിനെതിരെ പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്ഥാനചലനം. തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം മനഃപൂർവം വൈകിപ്പിക്കുന്നുവെന്നും വ്യക്തിപരമായി വൈരാഗ്യം തീർക്കുകയാണെന്നും മറ്റൊരു മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിൻ ജെ. തച്ചങ്കരി സുദേഷ് കുമാറിനെതിരെ പരാതി ഉന്നയിച്ചിരുന്നു.
വിജിലൻസ് ഡയറക്ടർക്കെതിരെ മറ്റുചില പരാതികളും ആഭ്യന്തരവകുപ്പിന്‍റെ മുന്നിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുദേഷ്കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ജയിൽവകുപ്പിലേക്ക് മാറ്റിയത്. ട്രാൻസ്പോർട്ട് കമീഷണറായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറാണ് പുതിയ വിജിലൻസ് ഡയറക്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.