തീർഥാടനം അവനവനിലേക്കുള്ള യാത്രകളാവണം -മുഖ്യമന്ത്രി
text_fieldsമട്ടന്നൂർ: അവനവന്റെ ഉള്ളിലേക്കുള്ള യാത്രകളായി ഹജ്ജ് തീർഥാടനത്തെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അവനവനിലേക്കുള്ള യാത്രയാണ് ഓരോ തീർഥാടനവും. എങ്കിലേ ആത്മവിമർശനവും മാനസികാവബോധത്തിന്റെ ഉയർച്ചയും സാധ്യമാവൂ. അതിനുള്ള ഉപാധിയായി തീർഥാടനങ്ങളെ മാറ്റണം- മുഖ്യമന്ത്രി പറഞ്ഞു.
ഹജ്ജ് തീർഥാടനം കണ്ണൂർ വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതൽകൂട്ടാവും. വടക്കെ മലബാറിലെ ഹജ്ജ് തീർഥാടകർക്ക് സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂർ. ആദ്യ ഘട്ടമാണിത്. വരും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണം കൂടും. അതിനനുസരിച്ച് ഇവിടെ ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.
ഒരു കോടിയാണ് കണ്ണൂരിൽ ഹജ്ജ് തീർഥാടന ഒരുക്കത്തിന് അനുവദിച്ചത്. കോഴിക്കോട് ഹജ്ജ് ഹൗസിനോട് ചേർന്ന് എട്ട് കോടി ചെലവഴിച്ച് സ്ത്രീകൾക്ക് മാത്രമായി 31000 ചതുരശ്ര അടിയിൽ പ്രത്യേക ബ്ലോക്ക് നിർമിച്ചു. വഖഫ് വസ്തുക്കളുടെ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കും. സർക്കാറിന്റെ ക്ഷേമ പ്രവൃത്തികൾ അനുഭവിക്കാത്ത ഒരാളും, ഒരു പ്രദേശവും ഉണ്ടാവരുത് എന്നതാണ് ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു. തീർഥാടകർക്കുള്ള ബോർഡിങ് പാസ് വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. തീർഥാടകനായ ഇരിട്ടി സ്വദേശി കെ.പി. മുസ്തഫ ആദ്യ പാസ് ഏറ്റുവാങ്ങി. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യാതിഥിയായി.
കരിപ്പൂരിൽ ഹജ്ജ് വനിത ബ്ലോക്ക് തുറന്നു
മലപ്പുറം: ഹാജിമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. കരിപ്പൂർ ഹജ്ജ് ഹൗസിൽ സ്ത്രീകൾക്കു മാത്രമായി നിർമിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ കേന്ദ്ര ഹജ്ജ് നയം വരുന്നതിനു മുമ്പുതന്നെ സംസ്ഥാനം കരട് തയാറാക്കി സമർപ്പിച്ചിരുന്നു. കേരളത്തിന്റെ 70 ശതമാനം ആവശ്യങ്ങളും നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹാജിമാരുടെ സൗകര്യത്തിനായി പ്രത്യേക പ്രതിനിധിയായി ജിദ്ദ കോൺസുലേറ്റിലേക്ക് ഐ.എ.എസ് ഓഫിസറെ അയക്കണമെന്ന കേരളത്തിന്റെ ആവശ്യ പ്രകാരമാണ് മുൻ ജില്ല കലക്ടർ ജാഫർ മാലികിനെ സർക്കാർ അയച്ചത്. ഹാജിമാർക്ക് അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാം. മൂന്ന് എംബാർക്കേഷൻ പോയന്റുകളിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഹജ്ജ്കർമത്തിന്റെ പേരിൽ ചില സ്വകാര്യ ഗ്രൂപ്പുകൾ നികുതി വെട്ടിക്കുന്നതിന് കൂട്ടുനിൽക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മുൻ വർഷങ്ങളിൽ ഹാജിമാരിൽനിന്ന് ഈടാക്കിയ ജി.എസ്.ടി വിഹിതം അടക്കാൻ ചില സ്വകാര്യ ഗ്രൂപ്പുകൾ തയാറാകാത്തതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ മന്ത്രിയുടെയോ ഹജ്ജ് കമ്മിറ്റിയുടെയോ പേരിൽ കെട്ടിവെക്കുന്നത് ശരിയല്ല. സ്വകാര്യ ഗ്രൂപ്പുകളെ നിരോധിക്കാൻ സർക്കാർ ശിപാർശ ചെയ്തിട്ടില്ല. എന്നാൽ, നിരവധി തീർഥാടകരിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിലുള്ള ഇടപെടൽ. നികുതി വെട്ടിപ്പിന് ഒരു കാരണവശാലും കൂട്ടുനിൽക്കാൻ കഴിയില്ലെന്നും മന്ത്രി ആവർത്തിച്ചു.
ഈ വർഷത്തെ കരിപ്പൂർ ഹജ്ജ് ക്യാമ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്റാഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.