ചീറിപ്പാഞ്ഞ് കുട്ടി ഡ്രൈവർമാർ, രക്ഷിതാക്കൾക്ക് ‘പിടിവീഴും’
text_fieldsകോട്ടയം: സംസ്ഥാനത്തെ നിരത്തുകളിൽ കുട്ടി ഡ്രൈവർമാർ ചീറിപ്പായുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി ശക്തമാക്കുന്നു. കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെ നടപടി കടുപ്പിക്കാനാണ് തീരുമാനം. കുട്ടി ഡ്രൈവർമാരെ കണ്ടെത്താൻ പൊലീസ് ഏപ്രിലിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 400ലധികം കേസാണ് രജിസ്റ്റർ ചെയ്തത്.
കൂടുതലും വടക്കൻ ജില്ലകളിലാണിത്. എല്ലാ സംഭവങ്ങളിലും മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവർക്കും വാഹന ഉടമക്കും രക്ഷിതാക്കൾക്കുമെതിരെ ശിക്ഷാനടപടി ശിപാർശ ചെയ്യുന്ന വകുപ്പാണിത്.
കുറ്റകരമാണെന്ന് അറിഞ്ഞിട്ടും രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനം ഓടിക്കാൻ അനുവാദം നൽകുകയാണെന്ന് അധികൃതർ പറയുന്നു. ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ ഇത്തരം നിയമ ലംഘനങ്ങൾ വർധിച്ചതായാണ് വിലയിരുത്തൽ.
പൊലീസിന്റെ കണക്ക് പ്രകാരം ഏപ്രിലിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത 402 കേസിൽ 338 എണ്ണവും വടക്കൻ ജില്ലകളിലാണ്. മലപ്പുറത്ത് മാത്രം 145. പാലക്കാട് -74, തൃശൂർ - 55, കാസർകോട്, കണ്ണൂർ ജില്ലകളിൽ യഥാക്രമം 31, 20, കോഴിക്കോട് -12 എന്നിങ്ങനെയാണിത്.
തെക്കൻ ജില്ലകളായ കൊല്ലത്ത് 38, തിരുവനന്തപുരം-11 എന്നിങ്ങനെയും കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടി ഗതാഗത കുറ്റകൃത്യം ചെയ്യുമ്പോൾ രക്ഷിതാക്കളെയോ മോട്ടോർ വാഹന ഉടമയെയോ പ്രതിയാക്കി കേസെടുക്കണമെന്നാണ് വ്യവസ്ഥ. രക്ഷിതാക്കളുടെ ലൈസൻസ് റദ്ദാക്കി പ്രോസിക്യൂഷൻ നടപടിയിലൂടെ രക്ഷിതാവിനെയോ വാഹന ഉടമയെയോ മൂന്ന് വർഷം വരെ തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കാവുന്ന വകുപ്പാണ് 199 എ. അതിന് പുറമെ വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുകയും ചെയ്യാം.
പിടിയിലാകുന്ന കുട്ടിക്ക് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കരുതെന്നും വകുപ്പ് നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും സമ്മർദങ്ങളെ തുടർന്ന് ഈ നടപടികളിലേക്ക് കടക്കാറില്ലെന്ന് വകുപ്പ് വൃത്തങ്ങൾ സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.