സംസ്ഥാനത്തെ 200 അംഗൻവാടികളിൽ ശിശുസൗഹൃദ ശൗചാലയം
text_fieldsകൊച്ചി: കുരുന്നുമക്കൾക്ക് കൈയെത്താവുന്ന ഉയരത്തിൽ ടാപ്പ്, വാഷ്ബേസിൻ, പേടി കൂടാതെ ഉപയോഗിക്കാവുന്ന ടോയ്ലറ്റ് സീറ്റ്, ചുവരുകളിൽ വർണചിത്രങ്ങൾ... വനിത, ശിശുവികസന വകുപ്പിനു കീഴിൽ സംസ്ഥാനത്തെ വിവിധ അംഗൻവാടികളിൽ തുടങ്ങാനിരിക്കുന്ന ശിശുസൗഹൃദ ശൗചാലയങ്ങളുടെ പ്രത്യേകതകളാണിവ. സംയോജിത ശിശു വികസന പദ്ധതിയുടെ ഭാഗമായാണ് വിവിധ ജില്ലകളിലെ 200 അംഗൻവാടികളിൽ പുതുതായി ശിശുസൗഹൃദ ടോയ്ലറ്റുകൾ നിർമിക്കുന്നത്.
നവംബർ 30നകം നിർമാണം പൂർത്തീകരിക്കാനാണ് വകുപ്പിന്റെ നിർദേശം. സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നതും ടോയ്ലറ്റ് നിർമാണത്തിന് സ്ഥലസൗകര്യമുള്ളതുമായ അംഗൻവാടികളാണിവ. ഓരോ അംഗൻവാടിയിലും അരലക്ഷം രൂപ ചെലവിട്ടാണ് ശൗചാലയം നിർമിക്കുക. 200 അംഗൻവാടികൾക്കായി ഒരു കോടിയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. പ്രീ-സ്കൂൾ കുട്ടികളിൽ കുട്ടിക്കാലം മുതൽ ശുചിത്വശീലം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവിൽ സംസ്ഥാനത്ത് ആകെയുള്ള 33,115 അംഗൻവാടികളിൽ 1181 എണ്ണത്തിൽ മാത്രമേ ശിശുസൗഹൃദ ടോയ്ലറ്റുള്ളൂ. ടോയ്ലറ്റ് നിർമാണത്തിനായി മൂന്ന് സെന്റിൽ കൂടുതൽ സ്ഥലമുള്ള, സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടികളിൽനിന്ന് തെരഞ്ഞെടുത്തവയുടെ പട്ടിക പ്രോഗ്രാം ഓഫിസർമാർ വകുപ്പിന് സമർപ്പിച്ചിരുന്നു. ഓരോ അംഗൻവാടികളിലും ഗുണഭോക്തൃ സമിതിയാണ് നിർമാണത്തിന്റെ മേൽനോട്ടച്ചുമതല വഹിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം -20, കൊല്ലം -18, പത്തനംതിട്ട -12, കോട്ടയം -14, ആലപ്പുഴ -15, ഇടുക്കി -13, എറണാകുളം -15, തൃശൂർ -23, പാലക്കാട് -15, മലപ്പുറം -10, വയനാട് -എട്ട്, കോഴിക്കോട് -15, കണ്ണൂർ -15, കാസർകോട് -ഏഴ് എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ശിശുസൗഹൃദ ശൗചാലയം നിർമിക്കുന്ന അംഗൻവാടികൾ.
കളമശ്ശേരി നഗരസഭയിലെ 37ാം വാർഡിലെ 11ാം നമ്പർ കളിവീട് അംഗൻവാടിയിലാണ് സംസ്ഥാനത്ത് ആദ്യമായി വനിത, ശിശുവികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ശിശുസൗഹൃദ ടോയ്ലറ്റ് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.