മാതാപിതാക്കളിലൊരാൾ കുട്ടിയെ അകറ്റിനിർത്തുന്നത് ക്രൂരത –കോടതി
text_fieldsകൊച്ചി: മാതാപിതാക്കളിലൊരാൾ കുട്ടിയെ മറ്റെയാളിൽനിന്ന് മനപ്പൂർവം മാറ്റിനിർത്തുന്നത് ക്രൂരതയെന്ന് ഹൈകോടതി. പിതാവിൽനിന്ന് കുഞ്ഞിനെ അകറ്റിനിർത്തിയ മാതാവിെൻറ നടപടിയെ വിമർശിച്ച് തൃശൂർ സ്വദേശിയായ യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം.
ഭാര്യ ക്രൂരമായി പെരുമാറുന്നതായി ആരോപിച്ച് സമർപ്പിച്ച ഹരജി തള്ളിയ കുടുംബ കോടതി ഉത്തരവിനെതിരായ അപ്പീലാണ് പരിഗണിച്ചത്. 2009 ഡിസംബറിൽ വിവാഹിതനായതിെൻറ ആദ്യനാളുകളിൽതന്നെ ഭാര്യ വഴക്കു തുടങ്ങിയെന്നും ക്രൂരമായാണ് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് വിദേശത്ത് ബാങ്ക് മാനേജരായ ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
2011ൽ കുഞ്ഞ് ജനിച്ചതറിഞ്ഞ് ആശുപത്രിയിലെത്തിയെങ്കിലും കാണാൻ അനുവദിച്ചില്ല. ലീഗൽ സർവിസ് അതോറിറ്റി ഇടപെട്ടാണ് കുഞ്ഞിനെ കാണാൻ അവസരമൊരുക്കിയത്. പിന്നീട് കുട്ടിയെ വിട്ടുകിട്ടാൻ കുടുംബ കോടതിയിൽ ഹരജി നൽകി. ഒത്തുതീർപ്പ് അനുസരിച്ച് ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. കുട്ടിയെ പിറന്നാൾ ദിനത്തിൽ കാണാനെത്തിയപ്പോൾ സമ്മാനവും കേക്കും വാതിൽപടിയിൽ െവച്ചിട്ട് പോരേണ്ടി വന്നു. തുടർന്നാണ് വിവാഹമോചന ഹരജി നൽകിയത്. എന്നാൽ, ഭാര്യ ക്രൂരമായി പെരുമാറിയെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളി. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. ഒരാൾക്ക് അയാളുടെ രക്തത്തിൽ പിറന്ന കുഞ്ഞിനെ നിഷേധിക്കുന്നതിെനക്കാൾ വലിയ വേദനയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മാതാപിതാക്കളിലൊരാൾ കുഞ്ഞിനെ മറ്റെയാളിൽ നിന്ന് മനപ്പൂർവം മാറ്റിനിർത്തുന്നത് അയാളോട് കുട്ടിക്ക് അടുപ്പമുണ്ടാകാതിരിക്കാനും അപ്രീതിക്കിടയാക്കാനും വേണ്ടിയാണ്. മാതാപിതാക്കളുടെ കൂട്ടായ സ്നേഹത്തിന് കുട്ടിക്ക് അവകാശമുണ്ട്. -കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.