ബാലനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശി റിമാൻഡിൽ
text_fieldsപൂച്ചാക്കൽ(ആലപ്പുഴ):പാണാവള്ളിയിൽ വീട്ടിൽ ഭിക്ഷാടനത്തിനെന്ന വ്യാജേനയെത്തി നാലു വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ആന്ധ്രപ്രദേശ് അനന്തപുരം വീരബലിക്കോട്ട സ്വദേശി ചിന്നപ്പയെ (71) ചേർത്തല കോടതി റിമാൻഡ് ചെയ്തു.ചിന്നപ്പയെ 14 ദിവസത്തേക്ക് ആലപ്പുഴ സബ്ജയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.സംഭവത്തിലെ കൂടുതൽ അന്വേഷണങ്ങൾക്കായി പൂച്ചാക്കൽ പൊലീസ് ആന്ധ്രയിലേക്കു തിരിക്കും.ബുധനാഴ്ച ആന്ധ്രയിൽ എത്തും.പിടിയിലായ ആൾ പറഞ്ഞത് അനുസരിച്ചു മാത്രമാണ് ചിന്നപ്പ എന്ന പേരും വിലാസവും പൂച്ചാക്കൽ പൊലീസിനു ലഭിച്ചിരിക്കുന്നത്.
എന്നാൽ,ഇത് യഥാർഥ പേരും വിവരങ്ങളുമാണോ എന്നതിൽ പൊലീസിന് വ്യക്തതയില്ല.ആന്ധ്ര അനന്തപുരം ജില്ലയിലെ പട്ടണം പൊലീസ് സ്റ്റേഷനിലേക്ക് ഇത് സംബന്ധിച്ചു പൂച്ചാക്കൽ പൊലീസ് വിവരങ്ങൾ മെയിൽ ചെയ്തു തേടിയിട്ടും വിവരങ്ങൾ ലഭിച്ചില്ല.ഇത് സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കും ചിന്നപ്പയുടെ പിന്നാമ്പുറങ്ങൾ, ഭിക്ഷാടനമാണോ, തട്ടിക്കൊണ്ടു പോകലാണോ ലക്ഷ്യം, അവിടെ എന്തെങ്കിലും കേസുകളുണ്ടോ,പിന്നിൽ എന്തെങ്കിലും ലോബിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് ഇവിടെ നിന്നും ആന്ധ്രയ്ക്കു പൊലീസ് സംഘം പോകുന്നത്.പ്രബേഷൻ എസ്.ഐ ജിൻസൺ ഡൊമിനികിന്റെ നേതൃത്വത്തിലാണ് മൂന്നംഗ സംഘം ആന്ധ്രയിലേക്ക് പോകുന്നത്. ചിന്നപ്പയുടെ പക്കൽ ഏതെങ്കിലും തിരിച്ചറിയൽ കാർഡുകളോ, മൊബൈൽ ഫോണോ ഉണ്ടായിരുന്നില്ല. മൂന്നു മാസം മുൻപ് ഭിക്ഷാടനത്തിന് തനിച്ച് ഇവിടെയെത്തി എന്നാണ് ചിന്നപ്പയുടെ മൊഴി.
ആരെങ്കിലും എത്തിച്ചതാണോ, സുഹൃത്തുക്കളുണ്ടോ, ഇതുവരെ താമസിച്ചിരുന്ന സ്ഥലം തുടങ്ങിയവ സംബന്ധിച്ചും ഇവിടെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായർ ഉച്ചയോടെ പാണാവള്ളി അരയങ്കാവിലെ വീട്ടിൽ ഭിക്ഷക്കെത്തിയ ചിന്നപ്പ നാലു വയസുകാരനെ 10 രൂപയുടെ നോട്ട് കാണിച്ചു വിളിച്ചു. കുട്ടി കരഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ എത്തിയപ്പോൾ ചിന്നപ്പ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാർ ചേർന്ന് പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.