ബാലവേലയും ഭിക്ഷാടനവും; ഒരു വര്‍ഷത്തിനിടെ രക്ഷിച്ചത് 21 കുട്ടികളെ
text_fieldsകോഴിക്കോട്: ജില്ലയിൽ നിന്ന് ഒരു വര്‍ഷത്തിനിടെ ബാലവേലയിലും ബാല ഭിക്ഷാടനത്തിലും ഏര്‍പ്പെട്ടതായി കണ്ടെത്തി രക്ഷപ്പെടുത്തിയത് 21 കുട്ടികളെ.
ജില്ല ശിശു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ശരണബാല്യം’ പദ്ധതിയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി 2023 ജൂണ്‍ ഒന്നു മുതല്‍ 2024 ജൂണ്‍ 11 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
17 കുട്ടികളെ ബാലവേലക്കിടയിലും നാലുപേരെ ബാലഭിക്ഷാടനം നടത്തവെയുമാണ് കണ്ടെത്തിയത്. ഒരു വര്‍ഷ കാലയളവില്‍ 44 പരിശോധനകളാണ് സംഘം നടത്തിയത്. രക്ഷപ്പെടുത്തിയവരില്‍ നാലുപേരെ നിയമപ്രകാരം ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കിയ ശേഷം സമിതിയുടെ ഉത്തരവനുസരിച്ച് അവരവരുടെ സ്വദേശത്ത് ജില്ല ശിശു സംരക്ഷണ വകുപ്പ് തിരികെയെത്തിച്ചു.
ബാക്കിയുള്ളവരെ ഷെല്‍ട്ടര്‍ ഹോമുകളുടെ സംരക്ഷണത്തിലേക്ക് മാറ്റിയശേഷം വിവരം അറിയിച്ചതനുസരിച്ചു മാതാപിതാക്കള്‍ വന്നു കൂട്ടിക്കൊണ്ടുപോയി.
രക്ഷിച്ച കുട്ടികളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്. അസം, രാജസ്ഥാന്, പശ്ചിമബംഗാള്‍, യു.പി, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍. ഇവരില്‍ മൂന്ന് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളുണ്ട്. ഇതില്‍ ബംഗാളിലെ കൊല്‍ക്കത്ത, പര്‍ബ മെദിനിപൂര്‍ സ്വദേശികളായ കുട്ടികളെയും യു.പിയിലെ ജോണ്‍പൂര്‍, മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശികളായ കുട്ടികളെയുമാണ് പൊലീസ് സഹായത്തോടെ അവരുടെ വീടുകളിലേക്ക് തിരികെയെത്തിച്ചത്.
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്‍ഡ്, പാളയം ബസ് സ്റ്റാന്‍ഡ്, മാവൂര്‍ റോഡ് സിഗ്നല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട കുട്ടികളെ കണ്ടെത്തിയത്.
മുക്കം കാരശ്ശേരിയിലെ അടക്ക പൊതിക്കല്‍ കേന്ദ്രം, കോഴിക്കോട് ബീച്ച്, കോഴിക്കോട് മിഠായിത്തെരുവ്, കുറ്റിക്കാട്ടൂര്‍, വെള്ളിപ്പറമ്പ്, നല്ലളം എന്നിവിടങ്ങളിലെ ചെരിപ്പ് നിര്‍മാണ യൂനിറ്റുകള്‍, വടകരയിലെ ഹോട്ടല്‍, കിനാലൂര്‍ എസ്റ്റേറ്റിലെ ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റ്, കോട്ടൂളിയിലെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ ബാലവേലയില്‍ ഏര്‍പ്പെട്ട കുട്ടികളെയും രക്ഷപ്പെടുത്തി.
കാരശ്ശേരിയിലെ അടക്ക പൊതിക്കല്‍ കേന്ദ്രത്തിൽനിന്ന് ആറ് കുട്ടികളെയാണ് കണ്ടെത്തി രക്ഷിച്ചത്. ഇതിനുപുറമെ വീടുകളില്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ 29 കുട്ടികളെയും ഒരു വര്‍ഷത്തിനിടയില്‍ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി. ശിശുക്ഷേമ സമിതി ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ വര്‍ഷം മേയ് വരെയുള്ള കാലയളവില്‍ ഇത്രയും കുട്ടികളെ വീടുകളില്‍ നിന്ന് മാറ്റിയത്.
1098ല്‍ വിളിച്ച് ചൈല്‍ഡ്ലൈനില്‍ അറിയിക്കാം
കോഴിക്കോട്: ബാലവേല, കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം തുടങ്ങിയ നിയമവിരുദ്ധ പ്രവണതകള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കും. ബാലവേലക്കും ഭിക്ഷാടനത്തിനും കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചൈല്‍ഡ് ലൈന്‍ നമ്പറായ 1098ല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.