സംസ്ഥാനത്തെ ആദ്യ ബാലവേലമുക്ത ജില്ലയാകാൻ എറണാകുളം
text_fieldsകൊച്ചി: സംസ്ഥാനത്തെ ആദ്യ ബാലവേലമുക്ത ജില്ലയാകാൻ ഒരുങ്ങി എറണാകുളം. ഇതിെൻറ ഭാഗമായി കൊച്ചി ചൈൽഡ് ലൈനിെൻറ നേതൃത്വത്തിൽ കുട്ടികളെ തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ച് മൂന്നുമാസത്തെ ബോധവത്കരണ കാമ്പയിന് തുടക്കമായി. 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നത് ബാലവേലനിരോധന നിയമപ്രകാരം തടവുശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. കൊച്ചി നഗരത്തിലാണ് ആദ്യഘട്ട കാമ്പയിൻ. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന പെരുമ്പാവൂർ അടക്കം ജില്ലയിലെ മറ്റുസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. കൊച്ചി നഗരത്തിൽ ഹോട്ടലുകൾ, ബേക്കറികൾ, കടകൾ, ഫാക്ടറികൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിലെല്ലാം ഇതര സംസ്ഥാനക്കാരായ നിരവധി കുട്ടികൾ പണിയെടുക്കുന്നുണ്ട്.
ഇത്തരത്തിൽ തൊഴിൽ ചെയ്യിപ്പിക്കുന്ന എല്ലാ സ്ഥാപന ഉടമകൾക്കും കൃത്യമായ നിർദേശങ്ങൾ നൽകുന്നതിനൊപ്പം ഇതുസംബന്ധിച്ച സ്റ്റിക്കറുകളും പതിക്കുന്നുണ്ടെന്ന് കൊച്ചി ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ടോമി ‘മാധ്യമ’ത്തോട് പറഞ്ഞു. 14 മുതൽ 18 വയസ്സുവരെയുള്ളവരെ കൊണ്ട് തൊഴിലെടുപ്പിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകളെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. രാവിലെ എട്ടുമുതൽ വൈകീട്ട് ഏഴുവരെ മാത്രമേ ജോലിയെടുപ്പിക്കാവൂ, മൂന്നുമണിക്കൂർ കൂടുമ്പോൾ ഒരുമണിക്കൂർ വിശ്രമം നൽകണം, തീയുമായി ബന്ധപ്പെട്ട ജോലികൾ, കെട്ടിട നിർമാണമടക്കമുള്ള ഭാരമേറിയത് എന്നിവ എടുപ്പിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് ഇവർക്ക് നൽകുന്നത്.
ബാലവേലവിരുദ്ധ ദിനമായ ജൂൺ 12ന് സമാപിക്കുന്ന തരത്തിലാണ് കാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. ദിവസവും തമിഴ്നാട്, ബിഹാർ, അസം, ഒഡിഷ എന്നിവിടങ്ങളിൽനിന്നുള്ള നൂറുകണക്കിന് കുട്ടികളാണ് കേരളത്തിൽ എത്തുന്നത്. സ്വന്തം നാട്ടിൽ 10 രൂപ കിട്ടുന്നിടത്ത് ദിവസവും 100ഉം 200ഉം രൂപയാണ് ഇവർക്ക് കൂലി. ഇതാണ് കൂടുതൽ പേരെ കേരളത്തിലേക്ക് ആകർഷിക്കുന്നതെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.